
കൊച്ചി : സ്വർണക്കടത്ത‌് ,വിദേശത്തേക്ക് ഡോളർ കടത്ത് കേസുകളിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ കസ്റ്റംസ് മുദ്ര വച്ച കവറിൽ സാമ്പത്തിക കുറ്റവിചാരണ ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതിയിൽ സമർപ്പിച്ചു. ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇന്നലെ ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് ജുഡിഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു.
ഇതിനിടെ ,കസ്റ്റംസ് കേസിൽ ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ ഇന്നലെ കോടതിയുടെ അനുമതിയോടെ പിൻവലിച്ചു. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലെ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നതിനാൽ, കസ്റ്റംസ് കേസിലെ ജാമ്യാപേക്ഷ പിന്നീടു പരിഗണിക്കാൻ മാറ്റണമെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ ഇന്നലെ അഡി. സി.ജെ.എം കോടതിയിൽ ആവശ്യപ്പെട്ടു. ഇതു കോടതി അനുവദിച്ചില്ല. തുടർന്നാണ് ജാമ്യ ഹർജി പിൻവലിക്കാൻ അഭിഭാഷകൻ അനുമതി തേടിയത്. ഇതനുവദിച്ചു.
നേരത്തേ ജാമ്യാപേക്ഷ പരിഗണനയ്ക്കെടുത്തപ്പോൾ ശിവശങ്കറിനെതിരെ മറ്റു പ്രതികളുടെ മൊഴിയല്ലാതെ മറ്റു തെളിവുകളുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു. തുടർന്നാണ് ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച തെളിവുകൾ ഉൾപ്പെടെ കസ്റ്റംസ് മുദ്ര വച്ച കവറിൽ നൽകിയത്. നേരത്തെ ശിവശങ്കർ വെളിപ്പെടുത്താതിരുന്ന കൂടുതൽ വിവരങ്ങൾ ഇത്തവണ വ്യക്തമാക്കിയിട്ടുണ്ടെന്നും കസ്റ്റംസ് വിശദീകരിച്ചു. ശിവശങ്കറിന്റെ രണ്ടു ഫോണുകളിൽ നിന്നുള്ള വിവരങ്ങളും എസ്.എം.എസ് - വാട്ട്സ് അപ്പ് സന്ദേശങ്ങളുടെ പകർപ്പുകളും നൽകിയിട്ടുണ്ട്.
ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
കള്ളപ്പണം വെളുപ്പിക്കുന്നതു തടയുന്നതിനുള്ള നിയമപ്രകാരം ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി ശിവശങ്കർ നൽകിയ ഹർജിയിൽ ഇന്ന് ഹൈക്കോടതിയിൽ വാദം തുടരും. സുപ്രീം കോടതി അഭിഭാഷകനായ ജയ്ദീപ് ഗുപ്തയാണ് ശിവശങ്കറിനായി ഹാജരാവുന്നത്. ഇ.ഡിയ്ക്കു വേണ്ടി അഡി. സോളിസിറ്റർ ജനറൽ എസ്.വി. രാജുവും സ്പെഷ്യൽ കൗൺസിൽ അഡ്വ.ടി.എ. ഉണ്ണികൃഷ്ണനും ഹാജരാവും.