sivasankar

കൊച്ചി : സ്വർണക്കടത്തിലും വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും അന്വേഷണം യു.എ.ഇയിലേക്ക് വ്യാപിപ്പിക്കാൻ കസ്റ്റംസ് അന്വേഷണ സംഘം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി.

നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയതിനു പുറമേ ,കഴിഞ്ഞ വർഷം ആഗസ്റ്റിൽ യു. എ.ഇ കോൺസുലേറ്റിലെ മുൻ സാമ്പത്തിക വിഭാഗം മേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്രി 1.90 കോടി രൂപയുടെ ഡോളർ വിദേശത്തേക്ക് കടത്തിയെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇരുകേസുകളിലും യു.എ.ഇ കോൺസുലേറ്റിലെ ഉന്നതർക്കു പങ്കുണ്ടെന്ന് പിന്നീടുള്ള അന്വേഷണത്തിൽ കണ്ടെത്തിയതോടെ, വിദേശത്തും അന്വേഷണം നടത്തണമെന്നാണ് കസ്റ്റംസ് നി​ലപാട്.

ഇതിനുള്ള നിയമപരമായ അനുമതി വാങ്ങുന്നതിനും നടപടി സ്വീകരിക്കണമെന്ന് അപേക്ഷയിൽ പറയുന്നു. നാട്ടിൽ നിന്ന് അനധികൃതമായി സമ്പാദിക്കുന്ന തുക ഡോളറാക്കി വിദേശത്തേക്ക് കടത്തി അവിടെ നിന്ന് സ്വർണം വാങ്ങി തിരിച്ചു കടത്തുന്ന രീതി യു.എ.ഇ കോൺസുലേറ്റ് കേന്ദ്രീകരിച്ചു നടന്നിരുന്നെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.

സ്വർണക്കടത്തു കേസിൽ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ ഇന്നലെയും സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴികൾ വരും ദിവസങ്ങളിലും രേഖപ്പെടുത്തും. ഇന്ന് സ്വർണക്കടത്തു കേസിൽ സ്വപ്നയടക്കമുള്ള പ്രതികളെ എറണാകുളം അഡി.സി.ജെ.എം കോടതിയിൽ ഹാജരാക്കും.