karippura

ഫോർട്ട്കൊച്ചി: കൊച്ചിയുടെ ചരിത്രഭൂമിയിൽ തലയെടുപ്പോടെ നിന്ന പൈതൃക കെട്ടിടങ്ങളിൽ ഒന്നായ കരിപ്പുര ഇനിയില്ല. വാട്ടർ മെട്രോയ്ക്കായി കെട്ടിടം പൊളിച്ചുമാറ്റി. നൂറ്റാണ്ട് പഴക്കമുള്ള കെട്ടി​ടം ജീർണാവസ്ഥയി​ലായി​രുന്നു. റോഡിൽ നിന്നു ജെട്ടിയിലേക്കുള്ള പ്രവേശനഭാഗം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കൊച്ചിൻ പോർട്ടിനു കീഴിലുള്ള കെട്ടിടം ലോറൽ, അക്വാട്ടിക്ക് ക്ളബുകൾക്ക് പാട്ടത്തി​നു കൊടുത്തി​രി​ക്കുകയായി​രുന്നു. ക്ളബുകളുടെ എതിർപ്പിനെത്തുടർന്ന് തത്കാലത്തേക്ക് പൊളി​ക്കൽനീക്കം നി​റുത്തി​വച്ചെങ്കി​ലും കഴി​ഞ്ഞദി​വസം കൊച്ചിൻ പോർട്ട് അധികൃത‌ർ വൻ പൊലീസ് സന്നാഹത്തോടെ എത്തി ജെ.സി.ബി ഉപയോഗിച്ച് കെട്ടിടം പൊളിക്കുകയായിരുന്നു.

യുദ്ധകപ്പലുകളുടെ ഇന്ധനമുറി

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സേനയുടെ യുദ്ധകപ്പലുകൾക്ക് ആവശ്യമായ കൽക്കരി ശേഖരിച്ചിരുന്ന കെട്ടി​ടമാണ് കരി​പ്പുര. കപ്പലുകൾ ഇവിടെ വന്ന് ഇന്ധനം നിറയ്ക്കുമായിരുന്നു. കുട്ടികളുടെ പാർക്കിനു സമീപത്തെ മന്ദിരത്തിൽ ലോറൽ ക്ലബ്, അക്വാട്ടിക്ക് ക്ളബ് എന്നിവയാണ് പ്രവർത്തിച്ചിരുന്നത്.