1

പെരുമ്പാവൂർ: സൗത്ത് ഇരിങ്ങോൾ പീച്ചനാംമുകളിൽ പ്രവർത്തിച്ചിരുന്ന ഫൈബർ ക്യൂൻ ബെഡ് കമ്പനിയിൽ ഇന്ന് പുലർച്ചെ തീപിടിത്തം. പെരുമ്പാവൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം നാല് മണിക്കൂർ നേരത്തെ ശ്രമഫലമായി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ് പെരുമ്പാവൂർ, മൂവാറ്റുപുഴ, പട്ടിമറ്റം എന്നിവിടങ്ങളിൽ നിന്നായി എത്തിയ അഞ്ച് യൂണിറ്റുകൾ പ്രവർത്തിച്ചാണ് തീ അണക്കാനായത്. രണ്ടായിരത്തിലധികം ബെഡ് കത്തിനശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ഏകദേശം 30 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പെരുമ്പാവൂർ ഫയർഫോഴ്സ് ഓഫീസർ എൻ.എച്ച് അസൈനാരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. പെരുമ്പാവൂർ സ്വദേശി ബിജുവിന്റേതാണ് സ്ഥാപനം.