fasil-hussain
ഫാസിൽ ഹുസൈൻ

ആലുവ: ആലുവ നഗരസഭ ആശാൻ ലൈൻ 14 -ാം വാർഡിൽ ഇക്കുറി ത്രികോണപ്പോര്. കഴിഞ്ഞ തവണ നേടിയ അട്ടമറി വിജയം നിലനിർത്താൻ എൽ.ഡി.എഫും തിരിച്ചുപിടിക്കാൻ യു.ഡി.എഫും ഇതിനിടയിൽ ശക്തമായ സാന്നിദ്ധ്യമാകാൻ എൻ.ഡി.എയും കടുത്ത പോരാട്ടത്തിലാണ്.

യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫാസിൽ ഹുസൈനും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.ഐയിലെ ജെയ്സൺ തോമസും എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി നേതാവ് പി. പ്രദീഷുമാണ് ഗോദയിലുള്ളത്. കഴിഞ്ഞ തവണ കോൺഗ്രസിലെ സുമ ബിനിയെ ആറ് വോട്ടിനാണ് സി.പി.ഐയിലെ ഓമന ഹരി നേരിട്ടുള്ള മത്സരത്തിൽ പരാജയപ്പെടുത്തിയത്. ഓമന ഹരി 218 വോട്ട് നേടിയപ്പോൾ സുമക്ക് ലഭിച്ചത് 212 വോട്ട്. എന്നാൽ 2010ൽ കോൺഗ്രസിലെ ഫാസിൽ ഹുസൈൻ 300 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച വാർഡാണിത്. സി.പി.ഐയിലെ മുഹമ്മദ് സഗീറിന് 82 വോട്ട് ലഭിപ്പോൾ ഫാസിൽ ഹുസൈൻ 382 വോട്ട് നേടി. സ്വതന്ത്ര സ്ഥാനാർത്ഥി പത്ത് വോട്ടും നേടി. വിദേശത്തായിരുന്ന തോട്ടക്കാട്ടുകര സ്വദേശി അവധിക്കെത്തിയപ്പോൾ സ്ഥാനാർത്ഥിയാക്കിയെന്ന ആക്ഷേപമാണ് അന്ന് എൽ.ഡി.എഫിനെതിരെ വോട്ടർമാർ ഉന്നയിച്ചിരുന്നത്. എന്നാൽ ഇക്കുറി മൂവരും നഗരവാസികളും പൊതുരംഗത്ത് സജീവവുമാണ്.

ഫാസിൽ ഹുസൈൻ നഗരത്തിലെ കോൺഗ്രസിന്റെ യുവമുഖം കൂടിയാണ്. ജെയിസൺ തോമസ് സി.പി.ഐ അനുഭാവി കുടുംബമാണ്. ഡ്രെെവിംഗ് സ്കൂൾ ഉടമയാണ്. പി. പ്രദീഷ് ബി.ജെ.പി മുൻ മുനിസിപ്പൽ ജനറൽ സെക്രട്ടറിയും നിലവിൽ ഒ.ബി.സി മോർച്ച മണ്ഡലം സെക്രട്ടറിയുമാണ്. ആദ്യമായി ഇവിടെ ബി.ജെ.പി മത്സരിക്കുമ്പോൾ ഏത് മുന്നണിക്കാണ് ചോർച്ചയുണ്ടാകുകയെന്നത് വോട്ടെണ്ണുമ്പോൾ മാത്രമെ വ്യക്തമാകു.