yesudas
യേശുദാസ് പറപ്പിള്ളി

ആലുവ: ജില്ലാ പഞ്ചായത്ത് കടുങ്ങല്ലൂർ ഡിവിഷനിൽ ഇക്കുറി ശക്തമായ പോരാട്ടം. സീറ്റ് നിലനിർത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും ശക്തമായി കളത്തിലുണ്ട്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിൽ ബി.ജെ.പി മുന്നണിക്ക് ഏറ്റവും അധികം വോട്ട് കിട്ടിയ കടുങ്ങല്ലൂർ ഡിവിഷനിൽ ഇക്കുറി നാഷണലിസ്റ്റ് കേരള കോൺഗ്രസാണ് മത്സരിക്കുന്നത്.

വരാപ്പുഴ, ചേരാനല്ലൂർ പഞ്ചായത്തുകളും കടുങ്ങല്ലൂർ പഞ്ചായത്തിലെ 17 വാ‌ർഡ്, ആലങ്ങാട് പഞ്ചായത്തിലെ ഒമ്പത് വാർഡും ഉൾപ്പെടുന്നതാണ് ഡിവിഷൻ. 2010ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് ജനതാദളിലെ കെ.വി. ലോറൻസായിരുന്നു. നേരിയ വോട്ടിന് ജയം യേശുദാസിന്ന് വരണാധികാരി പ്രഖ്യാപിച്ചു. അസി. റിട്ടേണിംഗ് ഓഫീസർക്ക് കെെമാറിയ പോസ്റ്റ് ബാലറ്റ് എണ്ണാതിരുന്നതിനെതിരെ എതിർ സ്ഥാനാർത്ഥി കോടതിയിൽ വർഷങ്ങളോളം നിയമയുദ്ധം നടത്തി അനുകൂല വിധി സമ്പാധിച്ചു. തുടർന്ന് ലോറൻസിനെ കോടതി വിജയിയായി പ്രഖ്യാപിച്ചു.

എന്നാൽ 2015ലെ തിരഞ്ഞെടുപ്പിൽ ഫലം എൽ.ഡി.എഫിന് അനുകൂലമായി. ഷീബ ജോസ് 578 വോട്ടിന്റെ ഭൂരിപക്ഷത്തിന് യു.ഡി.എഫിലെ റെനിത നിർമ്മൽനെ പരാജയപ്പെടുത്തി. ബി.ജെ.പി സ്ഥാനാർത്ഥി സരള പൗലോസ് 9680 വോട്ടും നേടി. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്തികളിൽ ബി.ജെ.പിക്ക് ഏറ്റവും അധികം വോട്ട് കിട്ടിയതും ഇവിടെയാണ്. ഇക്കുറി ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.

യേശുദാസ് പറപ്പിള്ളി

2010ൽ കോടതി ഉത്തരവിനെ തുടർന്ന് എതിരാളിക്കായി വിജയം കൈമാറിയ യേശുദാസ് പറപ്പിള്ളിയാണ് ഇക്കുറിയും എൽ.ഡി.എഫ് സ്ഥാനാർത്ഥി. യേശുദാസ് പറപ്പിള്ളി നിലവിൽ പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്.

സേവി കുരിശുവീട്ടിൽ

യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കേരള കോൺഗ്രസ് (എം) ജോസഫ് ഗ്രൂപ്പിലെ സേവി കുരിശുവീട്ടിലാണ്.സേവി കുരിശുവീട്ടിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.

ആന്റണി ജോസഫ്

എൻ.ഡി.എ സ്ഥാനാർത്ഥി നാഷണലിസ്റ്റ് കേരള കോൺഗ്രസിലെ ആന്റണി ജോസഫാണ്. നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ട്രഷററാണ് ആന്റണി ജോസഫ്. ഫെഡറൽ ബാങ്ക് റിട്ടയ്ഡ് മാനേജരായി വിരമിച്ച ശേഷം മുഴുവൻ സമയ പൊതുപ്രവർത്തകനാണ്.