election

കൊച്ചി: വോട്ടിടാൻ ഒരു ദിവസം ബാക്കിനിൽക്കെ കൂട്ടിയും കിഴിച്ചും ജനമനസ് അളക്കുകയാണ് മൂന്നു മുന്നണികളും പാർട്ടികളും. പ്രചാരത്തിന് തിരശീല വീണതോടെ തങ്ങൾക്ക് അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ വിലയിരുത്തുകയാണ് മൂന്ന് മുന്നണികളുടെയും ഭാരവാഹികൾ. ജില്ലയില യു.ഡി.എഫ്., എൽ.ഡി.എഫ്., എൻ.ഡി.എ മുന്നണി നേതാക്കളുടെ വിശകലങ്ങൾ.

നിലനിറുത്തും പിടിച്ചെടുക്കും : യു.ഡി.എഫ്

കൊച്ചി കോർപ്പറേഷൻ ഉൾപ്പെടെ നിലനിറുത്തുന്നതിനൊപ്പം കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുത്ത് യു.ഡി.എഫ് എറണാകുളം ജില്ലയിൽ ആധിപത്യം പുലർത്തും. കൊവിഡ് മൂലം മുതിർന്നവർ വോട്ട് ചെയ്യാൻ എത്താതിരിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. ഇന്നലെ നടന്ന വോട്ടെടുപ്പിലെ പങ്കാളിത്തം ആശങ്ക മാറ്റുന്നതാണ്.

യു.ഡി.എഫിന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ആധിപത്യം മുമ്പേയുണ്ട്. ഇക്കുറിയും മികച്ച വിജയം നേടും. പ്രചാരണത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന ചില്ലറപ്രശ്നങ്ങൾ പരിഹരിച്ചു. കൊച്ചി കോർപ്പറേഷനിൽ ഭരണം തുടരും. നാല്പതിലേറെ ഡിവിഷനുകളിൽ വിജയിക്കുമെന്നാണ് വിലയിരുത്തൽ.

ജില്ലാ പഞ്ചായത്ത് ഭരണവും നിലനിറുത്തും. മുൻതവണത്തെക്കാൾ വിജയം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തവണ നഷ്ടമായ പെരുമ്പാവൂർ, അങ്കമാലി മുനിസിപ്പാലിറ്റികളുടെ ഭരണം തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. അനുകൂലമായ സാഹചര്യങ്ങൾ അവിടങ്ങളിലുണ്ട്. ജില്ലയുടെ കാര്യത്തിൽ ശുഭപ്രതീക്ഷയാണ് യു.ഡി.എഫിനുള്ളത്. വാശിയേറിയ പ്രചാരണമാണ് കഴിഞ്ഞത്. മികച്ച രീതിയിൽ പ്രചാരണം നടത്താനും മുന്നണിക്ക് സാധിച്ചു. രാഷ്ട്രീയസാഹചര്യങ്ങളും യു.ഡി.എഫിന് അനുകൂലമാണ്.

ഡൊമിനിക് പ്രസന്റേഷൻ

ജില്ലാ കൺവീനർ

യു.ഡി.എഫ്

2015 നെക്കാൾ മുന്നേറ്റമുണ്ടാകും

2015 ലെ തിരഞ്ഞെടുപ്പിനേക്കാൾ ഇടതുമുന്നണിക്ക് മുന്നേറ്റമുണ്ടാകും. കൊച്ചി കോർപ്പറേഷനും ജില്ലാ പഞ്ചായത്തും പിടിച്ചെടുക്കും. 82 പഞ്ചായത്തുകളിൽ ബഹുഭൂരിപക്ഷവും ലഭിക്കും. നഗരസഭകളിലും ബ്ളോക്ക് പഞ്ചായത്തുകളിലും നേട്ടമുണ്ടാക്കും. വിമതൻമാർ വെള്ളുവിളി സൃഷ്‌ടിക്കുന്നില്ല. പല പേരുകളിൽ വിവിധയിടങ്ങളിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും ഇടതുമുന്നേറ്റത്തെ തടയാനാവില്ല. കൊച്ചി കോർപ്പറേഷനിലും ജില്ലാ പഞ്ചാത്തിലുമുണ്ടായ യു.ഡി.എഫിന്റെ ഭരണപരാജയവും അഴിമതിയും ഇടതുമുന്നണിക്ക് അനുകൂലമായ ഘടകങ്ങളാണ്. കൂടാതെ യു.ഡി.എഫിൽ വിമതശല്യം രൂക്ഷവുമാണ്. വർഗീയ അജണ്ടകളുമായി എത്തുന്ന ബി.ജെ.പിയെ ജനങ്ങൾ അനുകൂലിക്കില്ല. ഇത്തരം അനുകൂല സാഹചര്യത്തിൽ മിന്നുന്ന വിജയമാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്.

സി.ൻ. മോഹനൻ

സി.പി.എം ജില്ലാ സെക്രട്ടറി

എൻ.ഡി.എ കരുത്ത് കാട്ടും

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൻ.ഡി.എ കരുത്ത് കാട്ടും. 24 പഞ്ചായത്തുകളിലും നാല് നഗരസഭകളിലും എൻ.ഡി.എക്ക് ഭരണം പിടിച്ചെടുക്കാൻ കഴിയും. കൊച്ചി നഗരസഭയിൽ നിർണായക ശക്തിയായി മാറും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഞങ്ങൾ അക്കൗണ്ട് തുറക്കുകയും പ്രധാന ശക്തിയായി മാറുകയും ചെയ്യും.

ഞങ്ങളുടെ പ്രചരണ ബോർഡുകളിലും പോസ്റ്ററുകളിലും നരേന്ദ്ര മോദിയുടെ ഫോട്ടോ കാണാമെങ്കിൽ എൽ.ഡി.എഫ് പോസ്റ്ററുകളിൽ പിണറായിയെ കാണാൻ കഴിഞ്ഞില്ല. വികസന മുരടിപ്പും അഴിമതിയുമാണ് ജില്ലയിൽ ബി.ജെ.പി പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കിയത്. ഇരു മുന്നണികളുടെയും അഴിമതി കഥകളാണ് ഞങ്ങൾ വോട്ടർമാരോട് പറഞ്ഞത്. ജനങ്ങൾക്കുള്ള അസംതൃപ്തിയും പ്രതിഷേധവും ഇത്തവണ ദേശീയ ജനാധിപത്യ സഖ്യത്തിനാണ് വോട്ടായി മാറും

എസ്.ജയകൃഷ്ണൻ

എൻ.ഡി.എ ജില്ല ചെയർമാൻ