
പട്ടിമറ്റം: നിശബ്ദ പ്രചാരണം' കൊഴുപ്പിക്കണമെങ്കിൽ ' കുപ്പിയില്ലാതെ പിന്നെങ്ങനെ? കനത്ത ചൂടിൽ പ്രചാരണം നടക്കുമ്പോൾ വൈകിട്ട് ഉള്ളൊന്ന് തണുപ്പിക്കാൻ ഇതല്ലാതെ മറ്റെന്തു വഴി എന്നാണ് പ്രാദേശിക നേതാക്കൻമാരുടെ ചോദ്യം. വിവിധ സ്ഥാനാർത്ഥികൾക്കായി മുന്നണികൾ ബൂത്തു തലം വരെ പ്രചാരണ ചെലവുകൾ എത്തിക്കുന്നുണ്ട്. ഒന്നിനും തികയില്ലെങ്കിലും കുപ്പിക്കാര്യത്തിൽ എല്ലാവരും കട്ട സപ്പോർട്ടാണ്. മദ്യ വില്പന ഇന്നലെ വൈകിട്ടോടെ അവസാനിച്ചു. ഇനി പോളിംഗ് അവസാനിച്ച ശേഷം മാത്രമാണ് വില്പന.
മദ്യപാനികളുടെ ശ്രദ്ധയ്ക്ക്....
മദ്യം മൊത്തമായി വാങ്ങിയവരെ തേടി പൊലീസും, എക്‌സൈസും പിന്നാലെയുണ്ട്. ഇന്നലെ എക്സൈസ്, പൊലീസ് ഷാഡോ വിഭാഗങ്ങൾ ബീവറേജസ് ഷോപ്പുകൾക്ക് സമീപമുണ്ടായിരുന്നു. മൊത്തമായി വാങ്ങുന്നവരും കുടുക്കുകയായിരുന്നു ലക്ഷ്യം. മദ്യം വാങ്ങി പോയ ഒട്ടു മിക്ക വാഹനങ്ങളും തടഞ്ഞ് പരിശോധിച്ച് ബില്ലും, അളവും സ്വന്തം ആവശ്യത്തിനെന്ന് ബോദ്ധ്യപ്പെട്ട ശേഷം മാത്രമാണ് പറഞ്ഞയച്ചത്. വോട്ടു മറിക്കാൻ മദ്യം വിതരണം ചെയ്യുമെന്നുള്ള നിരവധി പരാതികൾ നിലവിലുണ്ട്. അളവിൽ കൂടുതൽ മദ്യം കൈവശം വച്ചാൽ പിടി വീഴും. ഇന്നും എക്സൈസ് , പൊലീസ് പരിശോധന തുടരും.
പിന്നാലെയുണ്ട് പൊലീസ്
അടിച്ച് പാമ്പായവരെ തേടിയാണ് പൊലീസിന്റെ എക്സൈസും കറങ്ങുക. അവരെ പിടികൂടിയാൽ മദ്യത്തിന്റെ ഉത്ഭവം കണ്ടെത്താമെന്നതാണ് കാരണം. മൂന്ന് ലിറ്ററാണ് ഒരാൾക്ക് കൈയിൽ സൂക്ഷിക്കാവുന്ന മദ്യത്തിന്റെ പരമാവധി അളവ്. ഒരു വീട്ടിൽ നാലു പേരുണ്ടെന്നു കരുതി 12 ലിറ്റർ സൂക്ഷിക്കാമെന്ന് കരുതരുത്. ഒരാൾക്ക് അനുവദിച്ച പരമാവധി അളവായ മൂന്നു ലിറ്റർ മാത്രമേ ഒരിടത്ത് സൂക്ഷിക്കാവൂ. വാഹനമായാലും വീടായാലും മറ്റെവിടെ ആയാലും അളവ് കൂടിയാൽ പണി ഉറപ്പ്. അളവിൽ കൂടുതൽ മദ്യം കൈവശം സൂക്ഷിച്ച് പിടിച്ചാൽ ഒരോട്ട് പോകുമെന്നുറപ്പ്.അബ്കാരി നിയമപ്രകാരം കേസെടുക്കും പതിനാല് ദിവസം റിമാൻഡിലാകുകയും ചെയ്യും.