sivasanka

കൊച്ചി: കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് എം. ശിവശങ്കറിനു നേരിട്ടു ബന്ധമുള്ള സ്വർണക്കടത്തിൽ നടന്നതെന്ന് കസ്റ്റംസ് സൂപ്രണ്ട് വിവേക് വി. സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിൽ വ്യക്തമാക്കി. തുടർന്ന് ഈമാസം 22വരെ എറണാകുളം അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു.

അന്വേഷണത്തിലും സ്വപ്ന സുരേഷ്, സരിത്ത് എന്നീ പ്രതികളെ ചോദ്യംചെയ്തതിലും ശിവശങ്കറിന് സ്വർണക്കടത്തിലെ പങ്ക് വ്യക്തമാണ്. കസ്റ്റംസ്‌ നിയമം ലംഘിച്ച സ്വർണക്കടത്ത് രാജ്യദ്രോഹവുമാണ്. അന്വേഷണം നിർണായകഘട്ടത്തിലാണ്. ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന നിലയിൽ സ്വാധീനമുള്ള ശിവശങ്കർ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തിൽ ഇടപെടാനും സാദ്ധ്യതയുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.

തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ ചോദ്യംചെയ്തപ്പോൾ കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശിവശങ്കറിന് അറിയാമെന്ന് സ്വപ്ന സുരേഷ് മൊഴിനൽകിയിട്ടുണ്ട്. സ്വപ്നയ്ക്കും മറ്റുചിലർക്കും ശിവശങ്കർ അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ വീണ്ടെടുത്തതിൽ സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.