 
മൂവാറ്റുപുഴ: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ ലൈവ്കാരിക്കേച്ചറുമായി സ്ഥാനാർത്ഥികൾ രംഗത്ത്. ന്യൂ ജെൻ തിരഞ്ഞെടുപ്പ് കാലത്ത് ഈ രീതി ഏറെ പ്രയോജനം ചെയ്യുന്നുണ്ടന്നാണ് സ്ഥാനാർത്ഥികളുടെ പക്ഷം. ലൈവ് കാരിക്കേച്ചർ ദൃശ്യങ്ങൾക്കൊപ്പം സ്ഥാനാർത്ഥിയുടെ പേരും വോട്ടഭ്യർഥനയും ചേർത്തുള്ള വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പുതിയ രീതി ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു. കാർട്ടൂണും കാരിക്കേച്ചറും ഒക്കെ പാശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ വാട്‌സ്ആപിലൂടെയും ഫേസ്ബുക്കിലൂടെയും സ്റ്റാറ്റസുകളായി ഉൾപ്പെടുത്താൻ കഴിയുന്നതിനാലാണ് ആവശ്യക്കാർ വർധിച്ചിരിക്കുന്നത്. നിശബ്ദ പ്രചാരണത്തിനും ഇത് ഉപയോഗിക്കാം. എത്രപേർ വിഡിയോ കണ്ടെന്നതും സ്ഥാനാർത്ഥികൾക്ക് അറിയാൻ സാധിക്കും. പരസ്യ പ്രചാരണം അവസാനിക്കാറായപ്പോഴാണ് പുതിയ രീതി ഏറെ പ്രചാരം നേടിയിരിക്കുന്നത്. കാർട്ടൂണിലൂടെ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ആനിമേഷൻ വിഡിയോകളിലൂടെ ജനങ്ങളിലേക്ക് അതിവേഗം എത്തിക്കാന്‍ കഴിയുമെന്ന പ്രത്യേകതയും ഉണ്ട്. കാർട്ടൂണുകൾ മാത്രമായി വികസന പ്രവർത്തനങ്ങളും ഭാവിയിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന വികസന പദ്ധതികളും സ്ഥാനാർത്ഥികൾ അവതരിപ്പിക്കുന്നുണ്ട്.
കലാകാരന്മാർക്ക് നല്ലകാലം
ലോക്ക് ഡൗണിൽ മുങ്ങിയ കലാക്കാരൻന്മാർക്ക് തിരഞ്ഞെടുപ്പിൽ നല്ലകാലമാണ്. സ്ഥാനാർത്ഥികളുടെ ആവശ്യമനുസരിച്ച് കാരിക്കേച്ചറും കാർട്ടൂണും വരച്ചുനൽകുന്ന കലാകാരന്മാർക്ക് ഇപ്പോൾ തിരക്കാണ്. കാരിക്കേച്ചർ വരച്ചുനൽകുന്ന മൂവാറ്റുപുഴ പള്ളിച്ചിറങ്ങര കോട്ടേപറമ്പിൽ കെ.എം.ഹസ്സൻ ഇതുവരെ നിരവധി കാരിക്കേച്ചറുകൾ വരച്ചു നൽകി.