ആലുവ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം 16ന് പുറത്തുവരുന്നതോടെ ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് പോലെ സി.പി.എം തകർന്നടിയുമെന്ന് എൻ.ഡി.എ സംസ്ഥാന സമിതിയംഗവും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം.എൻ. ഗിരി പറഞ്ഞു. യഥാർത്ഥത്തിൽ 16ന് നടക്കുന്നത് സി.പി.എം എന്ന പാർട്ടിയുടെ 16 അടിയന്തിരമായിരിക്കുമെന്നും ഗിരി പരിഹസിച്ചു.

അഴിമതി, സ്വജനപക്ഷപാതിത്വം, സ്വർണം - മയക്കുമരുന്ന് കടത്ത് എന്നിവയുടെയെല്ലാം അണിയറ പ്രവർത്തകരായ സി.പി.എം നേതാക്കൾ കിറ്റ് നൽകി ജനങ്ങളെ മയക്കാമെന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തട്ടിപ്പ് ജനം തിരിച്ചറിഞ്ഞപ്പോൾ കൊവിഡിന്റെ പേരിൽ ഭീതി പരത്തി വോട്ടർമാരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇതിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. കടുങ്ങല്ലൂർ ഡിവിഷന്റെ ഭാഗമായ വരാപ്പുഴയിൽ കുടിവെള്ളം ഇപ്പോഴും കിട്ടാകനിയാണെന്നും അദ്ദേഹം ആരോപിച്ചു.

ആലുവ മീഡിയ ക്ളബിൽ നടന്ന പത്രസമ്മേളനത്തിൽ കടുങ്ങല്ലൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർത്ഥി ആന്റണി ജോസഫ്, ജില്ലാ പ്രസിഡന്റ് ജോയി എളമക്കര, ബി.ജെ.പി സംസ്ഥാന സമിതിയംഗം സി.കെ. ഗോപിനാഥ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.