ആലുവ: ആലുവ നഗരത്തിലെയും ബൈപ്പാസിലെയും ഗതാഗത കുരുക്ക് പരിഹരിക്കാൻ പെരിയാറിന് കുറുകെ മറ്റൊരു പാലം നിർമ്മിക്കാൻ ജി.സി.ഡി.എ പദ്ധതി തയ്യാറാക്കുമെന്ന് ജി.സി.ഡി.എ ചെയർമാൻ വി. സലീം പത്രസമ്മേളനത്തിൽ പറഞ്ഞു. ആലുവ കടത്തുകടവിൽ നിന്നും മണപ്പുറം റോഡിൽ പൊലീസ് ക്ളബ് പരിസരത്തേക്കാണ് പാലം നിർമ്മിക്കാൻ ആലോചിക്കുന്നത്.
തോപ്പുംപടിയിൽ സർക്കാർ സഹായത്തോടെ ജി.സി.ഡി.എ നിർമ്മിച്ച പാലത്തിന് സമാനമായ രീതിയിൽ ഇവിടെ പാലം നിർമ്മിക്കാൻ കഴിയുമോയെന്നാണ് പരിശോധിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഇതിന്റെ സാധ്യത പഠനത്തിന് സർക്കാർ അംഗീകൃത ഏജൻസിയെ നിയോഗിക്കും. പാലം നിർമ്മിക്കാൻ അംഗീകാരം ലഭിച്ചാൽ ബാങ്ക് കവലയിൽ നിന്നും കടത്തുകടവിലേക്കുള്ള വഴിയും വികസിപ്പിക്കും. പാലം യാഥാർത്ഥ്യമായാൽ തോട്ടക്കാട്ടുകര ഭാഗത്തുള്ളവർക്ക് ബൈപ്പാസ് വഴിയല്ലാതെ നഗരത്തിലേക്ക് പ്രവേശിക്കാം.
പത്ത് വർഷമായി ആലുവ നഗരത്തെ പിന്നാട്ടടിപ്പിച്ച ഭരണസമിതിയാണ് നിലവിലുള്ളത്. ഇവർക്കെതിരായ ശക്തമായ ജനവികാരമുണ്ട്. യാതൊരു വികസനവും നടന്നില്ലെന്ന് മാത്രമല്ല, ഉള്ളതെല്ലാം താറുമാറാക്കുകയും ചെയ്തു. മാർക്കറ്റ് പുനർ നിർമ്മിക്കാത്തതും അശാസ്ത്രീയമായ വൺവെ സമ്പ്രദായവും വ്യാപാരമേഖലയെ താറുമാറാക്കി. നികുതി പിരിവില്ലാതെ നഗരസഭയെ കടക്കെണിയിലാക്കി. ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ പോലും പണമില്ലാതായത് ഭരണസമിതിക്ക് ദീർഘവീഷണമില്ലാത്തതിന് തെളിവാണ്. ചിട്ടിയിലേക്ക് ചിറ്റാളന്മാരെ ചേർക്കാനാണ് കോൺഗ്രസിലെ പലരും നഗരസഭ കൗൺസിലർമാരാകാൻ ശ്രമിക്കുന്നത്. കൗൺസിലർ പദവി ദുരുപയോഗം ചെയ്തും ഭീഷണിപ്പെടുത്തിയും ചിട്ടിയിലേക്ക് ആളെ ചേർക്കുകയാണ് പല കോൺഗ്രസ് കൗൺസിലർമാരും ചെയ്ത് വന്നിരുന്നതെന്നും വി. സലീം ആരോപിച്ചു. ആലുവ നഗരസഭക്ക് പുറമെ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും ഇക്കുറി എൽ.ഡി.എഫ് ഭരിക്കുമെന്നും സലീം അവകാശപ്പെട്ടു.