surendran

തദ്ദേശ തിരഞ്ഞെടുപ്പിലെ വലിയ ചർച്ചാവിഷയം ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പ്രതിക്കൂട്ടിലായ അഴിമതിയാണ്. ഇരുമുന്നണികളും അഴിമതിക്കാരാണെന്ന് ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്. സ്വർണക്കടത്തിനു പുറമെ ലൈഫ് മിഷൻ, കിഫ്ബി തുടങ്ങി സർക്കാർ പദ്ധതികളിലെല്ലാം ശതകോടികളുടെ അഴിമതിയാണ് നടക്കുന്നത്. ബാർകോഴ, സോളാർ, പാലാരിവട്ടം പാലം കേസ് തുടങ്ങിയ അഴിമതികളാണ് പ്രതിപക്ഷത്തിനു നേരെ ഉയർന്നിട്ടുള്ളത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരു പോലെ അഴിമതി ആരോപണവിധേയർ! സംസ്ഥാനത്തെ ഭരണസംവിധാനമാകെ അഴിമതി നടപ്പിലാക്കാനുള്ള ഉപാധിയാക്കി മാറ്റിയിരിക്കുകയാണ് പിണറായി വിജയൻ.

ഭരണപക്ഷത്തെ അഴിമതികളെ പ്രതിരോധിക്കാനുള്ള ത്രാണി കേരളത്തിലെ പ്രതിപക്ഷത്തിനില്ല. ബാർ കോഴ കേസിൽ നേരിട്ടു പണം വാങ്ങിയെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് നേരിടുന്നത്. സ്വർണ്ണക്കടത്ത് കേസിന്റെയും അനുബന്ധ കേസുകളുടെയും പ്രധാന ഗുണഭോക്താവ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണെന്ന് ഞങ്ങൾ ആദ്യം തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾത്തന്നെ രണ്ട് യു.ഡി.എഫ് എം.എൽ.എമാർ ജയിലിലാണ്. യു.ഡി.എഫിന്റെ അഴിമതിയെ ആത്മാർത്ഥമായി നേരിടാൻ എൽ.ഡി.എഫിന് താത്പര്യമില്ല. പ്രതിപക്ഷത്തെ ഒട്ടേറെ ഉന്നത നേതാക്കൾക്കു പങ്കുള്ള പാലാരിവട്ടം കേസിൽ നടപടിയെടുക്കാൻ പിണറായി സർക്കാർ തയ്യാറായത് ഇതേ സംഭവത്തിലെ 10 കോടി കോഴയെക്കുറിച്ചുള്ള ഇ.ഡി അന്വേഷണത്തെ തുടർന്നാണ്.

എൻ.ഡി.എ ഇത്തവണ കേരളത്തിൽ മത്സരിക്കുന്നത് വോട്ട് ശതമാനം വർദ്ധിപ്പിക്കാനല്ല, തദ്ദേശ സ്ഥാപനങ്ങളുടെ ഭരണമേറ്റെടുത്ത് ദേശീയ കാഴ്ചപ്പാടോടെ വികസന പദ്ധതികൾ നടപ്പാക്കാൻ തന്നെയാണ്. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണിത്. രണ്ടു മുന്നണികൾ മാറിമാറി ഭരണമേറുന്ന രാഷ്ട്രീയസാഹചര്യം മാറണമെന്ന് ജനങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയാണ്. എൽ.ഡി.എഫിനു പകരം യു.ഡി.എഫ് എന്ന രീതി മാറിയാലേ അഴിമതിക്ക് അറുതി വരുത്താനാകൂവെന്ന് ജനം മനസ്സിലാക്കിയിരിക്കുന്നു.

മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ ദിവസം നടന്ന ഹൈദരാബാദ് കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഇതിന് ഉദാഹരണമാണ്. കേരളത്തിൽ അതിലും വലിയ വിജയമാണ് സംഭവിക്കാൻ പോകുന്നത്. 40 ലക്ഷത്തോളം കുടുംബങ്ങൾക്ക് നരേന്ദ്ര മോദി സർക്കാരിന്റെ നേരിട്ടുള്ള ധനസഹായം കേരളത്തിൽ ലഭിച്ചിട്ടുണ്ട്. കൊവിഡ് കാലത്തെ സൗജന്യ റേഷനും കർഷകർക്കുള്ള 6,000 രൂപ ധനസഹായവും അമ്മമാർക്ക് 1,500 രൂപ ജൻധൻ അക്കൗണ്ട് വഴി നൽകിയതുമൊക്കെ നമുക്ക് അറിയാവുന്നതാണ്.

ഒരു സർക്കാർ ജനങ്ങൾക്കായി എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് രാജ്യത്തെ ജനങ്ങൾ അനുഭവിച്ചറിയുകയാണ്. അതുകൊണ്ടാണ് എൻ.ഡി.എയ്ക്ക് എല്ലായിടത്തും തുടർച്ചയായ വിജയം നേടാനാകുന്നത്. ബി.ജെ.പി ഭരണമേറ്റാൽ ജനങ്ങൾക്കായുള്ള വികസന പ്രവർത്തനങ്ങൾ എങ്ങനെ നടപ്പിലാക്കുമെന്നതിന് ഉദാഹരണമാണ് പാലക്കാട് നഗരസഭാ ഭരണം. ഒരുലക്ഷം മാത്രം ജനസംഖ്യയുള്ള നഗരസഭയിൽ അഞ്ചു വർഷത്തിനിടെ 3500 വീടുകളാണ് പ്രധാൻമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ ലഭിച്ചത്. 6500 വീടുകളിൽ കുടിവെള്ളമെത്തിക്കാനായി.

കഴിഞ്ഞ തവണ സംസ്ഥാനത്ത് ബി.ജെ.പി ജയിച്ച വാർഡുകളിലും പാർട്ടി ഭരിക്കുന്ന മുനിസിപ്പൽ- പഞ്ചായത്ത് ഭരണസമിതികളിലും മികച്ച പ്രവർത്തനം നടത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ ദേശീയ ജനാധിപത്യ സഖ്യം മത്സരരംഗത്തുള്ളത്. കോർപ്പറേഷനുകളിലും നിരവധി നഗരസഭകളിലും നൂറുകണക്കിന് പഞ്ചായത്തുകളിലും ബി.ജെ.പി ഭരണം പിടിച്ചെടുക്കും. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും നിർണായക ശക്തിയാകും. ഈ മുന്നേറ്റം ഉറപ്പായതുകൊണ്ടാണ് എൽ.ഡി.എഫും യു.ഡി.എഫും ഞങ്ങളെ കടന്നാക്രമിക്കുന്നത്.