 
ആലുവ: ജലശുദ്ധീകരണ ശാലയിൽനിന്ന് വിശാലകൊച്ചിയിലേക്ക് വെള്ളം കൊണ്ടുപോകുന്ന കൂറ്റൻ ഭൂഗർഭ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡ് രണ്ടായി പിളർന്നു. ലക്ഷക്കണക്കിന് ലിറ്റർ വെള്ളം നഷ്ടമായി. ഇതുവഴിയുള്ള റോഡ് ഗതാഗതവും താറുമാറായി.
പൈപ്പ് ലൈൻ റോഡിൽ നിർമല സ്‌കൂളിന് സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം. 42 ഇഞ്ച് വ്യാസമുള്ള പൈപ്പാണ് പൊട്ടിയത്. ആദ്യമുണ്ടായ ചെറിയചോർച്ച അരമണിക്കൂറിനകം ശക്തമാകുകയായിരുന്നു. റോഡ് പൊളിഞ്ഞ് വെള്ളം പുഴപോലെ കുത്തിയൊഴുകി. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഉടൻ പമ്പിംഗ് നിർത്തിയെങ്കിലും വെള്ളം നിലക്കാൻ രണ്ട് മണിക്കൂറോളമെടുത്തു. വെള്ളത്തിന്റെ ശക്തിയിൽ 25 മീറ്റർ ദൂരത്തിൽ റോഡ് തകർന്നു. വലിയകുഴി രൂപപ്പെട്ടു. ഭാരമേറിയ വാഹനങ്ങൾക്ക് നിരോധനമുള്ള പൈപ്പ് ലൈൻ റോഡിലൂടെ അമിത ഭാരമുള്ള വാഹനങ്ങൾ നിരന്തരമായി ഓടുന്നതാണ് പൈപ്പ് പൊട്ടാൻ കാരണമെന്നാണ് ജല അതോറിറ്റിയുടെ പ്രാഥമിക നിഗമനം.
സമീപത്തെ തൈപ്പറമ്പിൽ റീന വർഗീസിന്റെ വീട്ടിലും ചൂർണിക്കര നസ്രേത്ത് 99ാം നമ്പർ അങ്കണവാടിയിലും വെള്ളവും ചെളിയും കയറി. അങ്കണവാടിയിലെ കുട്ടികളുടെ കളിഉപകരണങ്ങൾ നശിച്ചു. റോഡ് നിരപ്പിൽനിന്നും ഒന്നരമീറ്റർ ആഴത്തിലാണ് പൊട്ടിയ കൂറ്റൻപൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുള്ളത്. വീണ്ടും ഒന്നരമീറ്ററിലധികം താഴ്ത്തിയാലേ പൈപ്പ് ലൈൻ പൂർണമായും കാണാൻ സാധിക്കൂ. ഇവിടെ വലിയ കുഴിയെടുത്ത് ചോർച്ച അടക്കുന്നത് ശ്രമകരമായ ജോലിയാണ്. ജലശുദ്ധീകരണ ശാല എക്‌സിക്യുട്ടീവ് എൻജിനിയർ കെ.കെ. ജോളി, അസിസ്റ്റന്റ് എൻജിനിയർ അബ്ദുൾ സത്താർ, വിനീഷ്, ടി.എ. രഞ്ജന, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ ദീപ എന്നിവർ സ്ഥലത്തെത്തി. വൈകിട്ടോടെ പൈപ്പ് ലൈനിലെ ചോർച്ച അടക്കുവാനുള്ള അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്.
# കുടിവെള്ളം മുടങ്ങിയ സ്ഥലങ്ങൾ
തമ്മനം വാട്ടർടാങ്കിൽനിന്ന് ജലവിതരണം നടത്തുന്ന ഇടപ്പള്ളി, പാലാരിവട്ടം ഭാഗങ്ങൾ, ഏലൂർ, കളമശേരി, തൃക്കാക്കര നഗരസഭകൾ, എടത്തല, എളങ്കുന്നപ്പുഴ, ഞാറയ്ക്കൽ, മുളവുകാട് പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം നിലച്ചു. പൈപ്പ് ലൈൻ പൂർവസ്ഥിതിയിലാക്കാൻ രണ്ട് ദിവസമെങ്കിലുമെടുക്കും.
ആലുവയിൽനിന്ന് കൊച്ചിയിലേക്ക് ശുദ്ധജലമെത്തിക്കുന്നത് മൂന്ന് കൂറ്റൻ പൈപ്പ് ലൈനിലൂടെയാണ്. പൊട്ടിയ 42 ഇഞ്ച് പൈപ്പ് 1972 ലാണ് സ്ഥാപിച്ചത്. കൂടാതെ 36, 48 ഇഞ്ചുകൾ വ്യാസമുള്ള പൈപ്പുകളിലൂടെയാണ് ജലവിതരണം. ദിവസവും 225 എം.എൽ.ഡി. വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാനുള്ള ശേഷിയാണ് ആലുവ ജലശുദ്ധീകരണ ശാലയ്ക്കുള്ളത്. എന്നാൽ വേനൽകാലങ്ങളിൽ ഇത് 300 എം.എൽ.ഡി വരെയാകും.