കൊച്ചി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സങ്കര ചികിത്സാ ഉത്തരവിനെതിരെ രാജ്യ വ്യാപകമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നില്പ് സമരം സംഘടിപ്പിച്ചു. സംസ്ഥാനത്തെ മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ മറ്റ് സംഘടനകളും സമരത്തിൽ പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 20 പേരടങ്ങുന്ന ചെറുസംഘങ്ങളായി ഉച്ചയ്ക്ക് 12 മുതൽ 2 വരെ അവരവരുടെ ജോലിസ്ഥലത്ത് ജോലി ബഹിഷ്‌കരിച്ചാണ് നില്പ് സമരം നടത്തിയത്.ജില്ലയിലെ മുഴുവൻ ആശുപത്രികൾക്കു മുന്നിലും സമരം അരങ്ങേറി. ഐ.എം.എ കൊച്ചി ശാഖയിൽ സംഘടിപ്പിച്ച സമരം പ്രസിഡന്റ് ഡോ. ടി.വി. രവി ഉദ്ഘാടനം ചെയ്തു. സമരത്തിൽ സെക്രട്ടറി ഡോ. അതുൽ ജോസഫ് മാനുവൽ, ഡോ. സിറിൽ ജി. ചെറിയാൻ, ഡോ.എൻ. ദിനേശ്, ഡോ. ഷീജ ശ്രീനിവാസ്, ഡോ. എൻ.എസ്.ഡി. രാജു, ഡോ. എം.എം. ഹനീഷ് എന്നിവരും പ്രസംഗിച്ചു.
രാജ്യവ്യാപകമായി
പണിമുടക്കും:
കൊവിഡ് ചികിത്സ, അത്യാഹിത വിഭാഗങ്ങളെ മാത്രം ഒഴിവാക്കി 11ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഐ.എം.എയുടെ നേതൃത്വത്തിൽ രാജ്യ വ്യാപകമായി പണിമുടക്കും. സെൻട്രൽ കൗൺസിൽ ഒഫ് ഇന്ത്യൻ മെഡിസിൻ നവംബറിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം വഴി ആയൂർവേദത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ആധുനിക വൈദ്യശാസ്ത്രത്തിലെ 58 തരം ശസ്ത്രക്രിയകൾ ചെയ്യാനുള്ള അനുമതി നൽകിയിരിക്കുന്നു. മോഡേൺ മെഡിസിനിൽ ബിരുദാനന്തര ബിരുദമുള്ളവർ ചെയ്യുന്ന ശസ്ത്രക്രികളാണിവ. സങ്കര ചികിത്സാ രീതി അവംലംബിച്ചാൽ രാജ്യം ഇതുവരെ ആരോഗ്യമേഖലയിൽ കൈവരിച്ച നേട്ടങ്ങളത്രയും നശിക്കും. മോഡേൺ മെഡിസിന്റെയും, പാരമ്പര്യ വൈദ്യശാസ്ത്രമായ ആയൂർവേദത്തിന്റെയും നിലനില്പിനെതന്നെയും ഇത് ബാധിക്കുമെന്നതിനാലാണ് സമരം ശക്തമാക്കുന്നത്.