 
കോലഞ്ചേരി: ഹൈക്കോടതിയുടെ ഇടപെടൽ, നിലച്ചു പോയ മനയ്ക്കക്കടവ് പള്ളിക്കര റോഡിൽ നിർമ്മാണ പ്രവൃത്തികൾ തുടങ്ങി. നിലവിലുള്ള റോഡിന്റെ ടാറിംഗ് പ്രതലം നീക്കം ചെയ്തു .റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് വി.പി. സജീന്ദ്രൻ എം.എൽ.എ സമർപ്പിച്ച ഹർജി പരിഗണിച്ച് കോടതി നവംബർ 26 ന് മനയ്ക്കകടവ് നെല്ലാട് റോഡ് നിർമ്മാണം ആരംഭിക്കാത്തത് സംബന്ധിച്ച് വിശദീകരണം അറിയിക്കുന്നതിന് ഉത്തരവിട്ടിരുന്നു. നിലവിൽ റോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. റോഡിന്റെ നിർമ്മാണ പ്രവർത്തികളുടെ അലംഭാവം സംബന്ധിച്ച് കേസിൽ കക്ഷി ചേർന്നിട്ടുള്ള കുന്നത്തുനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. രാജു ജോസഫും, പട്ടിമറ്റം ജനസേവാ റസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരി ബിജു എം.ജോർജിന്റെയും അഭിഭാഷകർ റോഡ് ദയനീയ സ്ഥിതിയിലാണെന്നും നിരന്തരം വാഹനാപകടങ്ങളുണ്ടാകുന്നതായും, റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കണമെന്നും വാദിച്ചു. റോഡ് നവീകരണ പ്രവൃത്തികൾ കരാർ കാലാവധിക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പിന് വേണ്ടി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജസ്റ്റിസ് പി.വി. ആശ കേസ് 22ന് വീണ്ടും പരിഗണിക്കും.
ഗതാഗത നിയന്ത്റണം ഏർപ്പെടുത്തി
റോഡിൽ പൂർത്തീകരിക്കാനുള്ള കൾവെർട്ടുകളുടെയും, സംരക്ഷണഭിത്തിയുടെയും നിർമ്മാണം പുനരാരംരംഭിച്ചു.
റോഡിൽ ഗതാഗത നിയന്ത്റണം ഏർപ്പെടുത്തിയിട്ടുണ്ട്.റോഡിന്റെ നവീകരണ പ്രവൃർത്തികൾ നടത്തുന്നതിൽ കാലതാമസത്തിന് വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു .ഇക്കാര്യത്തിൽ കരാറുകാരനോട് വിശദീകരണം അറിയിക്കാൻ കോടതി നോട്ടീസ് നൽകി.