കൊച്ചി: എറണാകുളം ബ്രോഡ്‌വേ റോഡിൽ ബസിലിക്ക പള്ളിക്കു സമീപമുള്ള ചർച്ച് റോഡിൽ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ( സി.എസ്.എം.എൽ ) നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ കെ.എസ്.ഇ.ബിയുടെ അണ്ടർ ഗ്രൗണ്ട് കേബിൾ മുറിഞ്ഞതിനെ തുടർന്ന് വൈദ്യുതി വിതരണത്തിൽ ഉണ്ടായ തകരാർ പരിഹരിച്ചു. ബിഷപ്പ് ഹൗസ്, സിഡ്ബി ട്രാൻസ്‌ഫോർമറുകളിലേക്കുള്ള വൈദ്യുതി വിതരണം ഭാവിയിൽ തടസപ്പെടാതിരിക്കാൻ 11 കെ.വി ഭൂഗർഭ കേബിൾ കെ.എസ്.ഇ.ബി പുതുതായി സ്ഥാപിക്കുകയും ചെയ്തു. റോഡ് നിർമ്മാണത്തിനിടെ കേബിൾ മുറിഞ്ഞതിനെ തുടർന്ന് മേജർ ആർച്ച് ബിഷപ്പ് വസതിയിലേക്ക് അടക്കം ഈ മേഖലയിൽ വൈദ്യുത തടസം വിച്ഛേദിക്കപ്പെട്ടിരുന്നു. മൾട്ടിപ്പിൾ ഫീഡറുകളില്ലാത്തതിനാൽ വൈദ്യുതി പുനസ്ഥാപിക്കുന്നത് കെ.എസ്.ഇ.ബിക്ക് കടുത്ത വെല്ലുവിളിയായി. സി.എസ്.എം.എലിന്റെ നിർമ്മാണ പ്രവൃത്തികൾക്കിടെ 24 ഓളം കേബിളുകൾ മുറിഞ്ഞതായി കെ.എസ്.ഇ.ബി പരാതിപ്പെട്ടിരുന്നു. കേബിൾ വലിച്ചതിന്റെ ഭാഗമായുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി തീർക്കാൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് കരാറുകാരന് നിർദ്ദേശം നൽകി.