
കൊച്ചി: ക്രിസ്മസ് പടിവാതിൽക്കൽ എത്തിയിട്ടും ഭൂമിയിലെ നക്ഷത്രദീപങ്ങൾ തെളിഞ്ഞില്ല. സാധാരണ ഡിസംബർ ആദ്യം മുതൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമൊക്കെ നക്ഷത്രദീപങ്ങൾ മിഴിതുറക്കാറുള്ളതാണെങ്കിലും ഇത്തവണ കൊവിഡ് മാഹാമാരിയുടെ താണ്ഡവത്തെ തുടരുന്നതുകൊണ്ടുള്ള നിസംഗതയിലാണ് ജനങ്ങൾ.
വിഷുവും ഈസ്റ്ററും റംസാനും ഓണവുമെല്ലാം കൊവിഡിൽ മുങ്ങിയപ്പോൾ ക്രിസ്മസിനെങ്കിലും നന്നാകുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന വ്യാപാരികളും ഇതോടെ നിരാശയിലാണ്. കടലാസ് താരങ്ങൾക്ക് പകരം എൽ.ഇ.ഡി. ലൈറ്റുകളോടുകൂടിയ പ്ലാസ്റ്റിക് മോൾഡഡ് നക്ഷത്രങ്ങൾ ആയതും വ്യാപാരികൾക്ക് തിരിച്ചടിയാണ്. ഒരിക്കൽ വാങ്ങിയാൽ ഉപയോഗത്തിന് ശേഷം സൂക്ഷിച്ചുവച്ച് അടുത്തവർഷം വീണ്ടും ഉപയോഗിക്കാമെന്നതാണ് പേപ്പർ നക്ഷത്രങ്ങളെ അപേക്ഷിച്ച് ചൈനീസ് ഉത്പ്പന്നങ്ങളുടെ പ്രത്യേകത. ഓരോ സീസണിലും പുതുമ അവതരിപ്പിച്ചാണ് പ്രതിസന്ധി മറികടന്നിരുന്നത്.
എന്നാൽ ഇത്തവണ കൊവിഡിന്റെ പശ്ചാത്തലത്തിൽ ചൈനീസ് ഉത്പന്നങ്ങൾ എത്തിയിട്ടുമില്ല. വ്യാപാരികളുടെ പക്കലുള്ള പഴയ സ്റ്റോക്കിൽ മാത്രമാണ് അല്പമെങ്കിലും ചൈനീസ് സാന്നിദ്ധ്യമുള്ളത്. ദീപാലാങ്കാരങ്ങൾക്ക് പുറമെ കേരളത്തിലും തമിഴ്നാട്ടിലുമൊക്ക നിർമിക്കുന്ന പുൽക്കൂടും രൂപങ്ങളുമാണ് സീസണിൽ വില്പനയുള്ള മറ്റ് ക്രിസ്മസ് ഉത്പന്നങ്ങൾ. മാസങ്ങളായി വ്യാപാരമാന്ദ്യത്തിലായിരുന്ന പ്രതീക്ഷയർപ്പിച്ച ക്രിസ്‌മസ് സീസണും അവതാളത്തിലായ മട്ടാണെന്ന് കച്ചവടക്കാർ പറയുന്നു.ഒക്ടോബർ അവസാനത്തോടെ തന്നെ നക്ഷത്രങ്ങൾ ഉൾപ്പെടെ അലങ്കാരവസ്തുക്കൾ എറണാകുളത്തെ മൊത്തക്കച്ചവടക്കാർ ശേഖരിക്കുകയാണ് പതിവ്. കൊവിഡ് മൂലം വൻതുക മുടക്കി സ്റ്റോക്കെടുക്കാൻ അവർ തയ്യാറായില്ല. ഇവയുടെ മൊത്ത, ചില്ലറ വില്പനകേന്ദ്രമായ എറണാകുളം ബ്രോഡ്‌വേയിലെ മേത്തർ ബസാറിലെ കടകളിൽ കാര്യമായ കച്ചവടം ഇതുവരെ നടന്നിട്ടില്ല. പള്ളികൾ, വീടുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവ നക്ഷത്രങ്ങൾ തൂക്കുന്നതിൽ ക്രിസ്‌മസ് ആഘോഷം ചുരുങ്ങി. കരോൾ ഉൾപ്പെടെ ആഘോഷങ്ങൾ നിയന്ത്രണങ്ങൾ മൂലം നടത്താനാകാത്തതും വിപണിയെ ബാധിച്ചെന്ന് കച്ചവടക്കാർ പറഞ്ഞു.