പറവൂർ: മുൻകാല തിരഞ്ഞെടുപ്പുകളിൽ പ്രചരണത്തിന്റെ സമാപന ദിവസം പ്രധാന കേന്ദ്രങ്ങളിൽ നടന്ന കൊട്ടിക്കലാശം ഇത്തവണയുണ്ടായില്ല. അതതു വാർഡുകളിലും പ്രദേശങ്ങളിലുമാണ് കൊട്ടിക്കലശം നടന്നത്. ഇത് പ്രാദേശിതതലത്തിൽ പ്രവർത്തരിൽ ആവേശം നൽകി. പ്രചരണ സമാപനത്തിന് മണിക്കൂറുകൾക്കു മുമ്പേ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ഓരോ മുന്നണികളും സ്ഥാനം പിടിക്കുമായിരുന്നു. പിന്നീട് പലഭാഗങ്ങളിൽ നിന്നുമെത്തി നഗരം നിറയുന്ന കാഴ്ചയായിരുന്നു. ഇതിനിടയിൽ പ്രവർത്തകർ തമ്മിൽ പലതർക്കങ്ങളും ഉണ്ടാവുമെങ്കിലും പൊലീസും നേതാക്കളും ഇടപ്പെട്ട് പരിഹരിച്ച് ആവേശത്തോടെ പ്രവർത്തകർ അതാതു സ്ഥലങ്ങളിലേയ്ക്ക് മടങ്ങും. വാർഡുകളിൽ ഓരോ സ്ഥാനാർത്ഥികൾക്കും ഇത്തവണ ഒന്നും രണ്ടും പ്രചരണ വാഹനങ്ങൾ ഇറക്കിയിരുന്നു. തുടക്കത്തിൽ പ്രചരണം തണുത്ത രീതിയിലായിരുന്നെങ്കിൽ അവസാനദിവസങ്ങളിൽ ശക്തമായി പ്രവർത്തനങ്ങളാണ് നടന്നത്. കൊവിഡ് കാലമായിട്ടും മൂന്നും നാലുംവട്ടം സ്ഥാനാർത്ഥികൾ വീടുകൾ കയറിയിറങ്ങി വോട്ടർമാരെ നേരിൽകണ്ടു വോട്ട് തേടി. ഇന്നും നിശബ്ദമായി വോട്ട് തേടാം. നാളെ പോളിംഗ് ബൂത്തിൽ വോട്ടർമാരെ എത്തിക്കേണ്ട ചുമതലകൾക്ക് ശേഷമായിരിക്കും പ്രവർത്തകർക്ക് വിശ്രമം.