തോപ്പുംപടി: മുകേഷ് ജെയിനിന്റെ പോരാട്ടം വിജയിച്ചു. സ്ക്കൂൾ ബാഗ് ഭാരലഘൂകരണ പദ്ധതി ദേശീയ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി. കുട്ടികൾ അമിതഭാരമുള്ള സ്കൂൾ ബാഗ് ചുമക്കേണ്ടി വരുന്നതിനെതിരെ മട്ടാഞ്ചേരി സ്വദേശി മുകേഷ് ജെയിൻ 2002ലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷനെയും തുടർന്ന് സുപ്രീം കോടതിയെയും സമീപിച്ചത്. ഇനി സ്ക്കൂൾ തുറക്കുമ്പോൾ പുതിയ പദ്ധതി നടപ്പിൽ വരും. ബാഗിന്റെ ഭാരം കുട്ടികളുടെ ശരീര ഭാരത്തിന്റെ പത്ത് ശതമാനത്തിൽ കൂടരുതെന്ന നിർദേശം വന്നു കഴിഞ്ഞു. ബാഗ് തൂക്കിനോക്കാൻ വിദ്യാലയങ്ങളിൽ ത്രാസ് വേണമെന്നും നിർദേശത്തിൽ പറയുന്നു. അമിതഭാരം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെ ബാധിക്കുമെന്ന ശിശുരോഗ വിദഗ്ദ്ധരുടെയും ലോകാരോഗ്യ സംഘടനയുടെയും കുറിപ്പുകൾ സഹിതമാണ് മുകേഷ് കമ്മിഷനെ സമീപിച്ചത്.കമ്മിഷൻ ചെയർമാൻ വി.പി.മോഹൻകുമാർ പദ്ധതി നടപ്പിലാക്കണമെന്ന് സംസ്ഥാന സർക്കാരിന് നിർദേശം നൽകി. പിന്നീട് രാജ്യം മുഴുവനും പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുകേഷ് ദേശീയ മനുഷ്യാവകാശ കമ്മീഷനെയും സുപ്രീം കോടതിയെയും സമീപിച്ചു. തുടർന്നാണ് കോടതി മനുഷ്യാവകാശ കമ്മിഷനെ ചുമതലപ്പെടുത്തിയത്. കമ്മിഷൻ കേന്ദ്ര സർക്കാരിനും ഇക്കാര്യം ശുപാർശ ചെയ്തു. മുകേഷ് പിന്നാലെ കേന്ദ്ര മാനവശേഷി വകുപ്പിനെയും സമീപിച്ചു. മന്ത്രി പ്രകാശ് ജാവേദ്ക്കറുമായി ഇക്കാര്യം സംസാരിച്ചിരുന്നു.