 
കൊച്ചി: സ്വർണക്കടത്ത് കേസിൽ ഉന്നതരുടെ പേര് വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ജയിൽ, പൊലീസ് ഉദ്യോഗസ്ഥർ തന്നെ ജയിലിൽ ഭീഷണിപ്പെടുത്തിയെന്നും, ജയിലിൽ ജീവന് ഭീഷണിയുണ്ടെന്നും സ്വപ്ന സുരേഷ് കോടതിയെ അറിയിച്ചു. തുടർന്ന്, സ്വപ്‌നയ്ക്ക് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടു. സ്വപ്നയുടെ റിമാൻഡ് 22 വരെ നീട്ടി.
കഴിഞ്ഞ മൂന്ന് ദിവസമായി എറണാകുളത്തു വച്ച് മജിസ്ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന ഹർജി നൽകിയത്. അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന തന്നെ കഴിഞ്ഞ നവംബർ 25ന് മുമ്പാണ് ചിലർ ഭീഷണിപ്പെടുത്തിയത്. കണ്ടാലറിയാവുന്ന അവർ പൊലീസ്, ജയിൽ ഉദ്യോഗസ്ഥരെന്നാണ് അവകാശപ്പെട്ടത്. സ്വർണക്കടത്തിൽ ഉൾപ്പെട്ട ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തരുതെന്നും ഒരന്വേഷണ ഏജൻസിയുമായും സഹകരിക്കരുതെന്നും ആവശ്യപ്പെട്ടു. കുടുംബാംഗങ്ങളെ ഇല്ലാതാക്കാനും തങ്ങൾക്ക് കഴിയും. ഉന്നതരെക്കുറിച്ച് വെളിപ്പടുത്തിയാൽ ജയിലിൽ തന്റെ ജീവൻ അപായപ്പെടുത്താനും കഴിയുമെന്നു ഭീഷണിപ്പെടുത്തി. കസ്റ്റംസ് കസ്റ്റഡിയുടെ കാലാവധി അവസാനിച്ച് അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് കോഫാപോസ തടവുകാരിയായാണ് താൻ പോകേണ്ടത്. അവിടെ തന്റെ ജീവന് സുരക്ഷയില്ല. തന്റെ രഹസ്യമൊഴി മജിസ്‌ട്രേട്ട് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ജയിലിൽ മാനസികവും ശാരീരികവുമായി പീഡിപ്പിക്കാൻ സാദ്ധ്യതയുണ്ട്. ജുഡിഷ്യൽ കസ്റ്റഡിയിൽ ജീവന് ഗുരുതരമായ ഭീഷണിയുണ്ട്. സുരക്ഷ ഒരുക്കാൻ ഡി.ജി.പിക്ക് നിർദേശം നൽകണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.
സ്വർണക്കടത്തിൽ കൂടുതൽ ഉന്നതരുൾപ്പെട്ടിട്ടുണ്ടെന്നും, ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും സ്വപ്‌ന നേരത്തേ നൽകിയ മൊഴി കസ്റ്റംസ് മുദ്രവച്ച കവറിൽ സമർപ്പിക്കുകയും, കോടതി ഗുരുതരമായ പരാമർശങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.