ആലുവ: കളമശേരി മെഡിക്കൽ കോളേജിന് പുറമെ ജില്ലയിൽ ആലുവ ജില്ലാ ആശുപത്രി കൊവിഡ് ചികിത്സാ സെന്ററാക്കാൻ ആരോഗ്യവകുപ്പിന്റെ നടപടിയാരംഭിച്ചു. തിരഞ്ഞെടുപ്പിന് ശേഷം രോഗികളുടെ എണ്ണം വർദ്ധിക്കാൻ ഇടയായാൽ ചികിത്സിക്കുന്നതിന് വേണ്ടിയാണ് പുതിയ സെന്റർ ഒരുക്കുന്നത്.
എന്നാൽ ദിനം പ്രതി ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് രോഗികളെ പുതിയ നീക്കം ബാധിക്കുമെന്ന് ആശങ്കയുണ്ട്. സംസ്ഥാനത്ത് സർക്കാർ തലത്തിൽ ഹീമോഫീലിയ ചികിത്സയുള്ള ഏക ആശുപത്രിയാണ് ആലുവ. നാനൂറോളം രോഗികളാണ് ഇവിടെ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊവിഡ് ചികിത്സാ സെന്ററാക്കുന്നതോടെ ഇവരുടെ ചികിത്സയെ ബാധിക്കും. ദിനം പ്രതി 46 ആളുകൾ ഇവിടെ ഡയാലിസ് ചെയ്യുന്നുണ്ട്. മികച്ച രക്തബാങ്കും ആലുവ ജില്ലാ ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ പ്രവർത്തനവും അവതാളത്തിലായേക്കും.
ജില്ലയിൽ ഏറ്റവും കൂടുതൽ മറുനാടൻ തൊഴിലാളികൾ ചികിത്സ തേടിയെത്തുന്ന സ്ഥലമാണ് ആലുവ ജില്ലാ ആശുപത്രി. പ്രസവ ചികിത്സയ്ക്കായും നിരവധിപേരെത്തുന്നു. ജില്ലാ ആശുപത്രിയെന്ന പേരാണെങ്കിലും താലൂക്ക് ആശുപത്രിയുടെ തസ്തിക മാത്രമേ ആലുവയിലുള്ളൂവെന്ന് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് പറഞ്ഞു. ഒരു ഫിസിഷ്യൻ മാത്രമാണുള്ളത്. കൊവിഡ് സെന്ററാക്കുമ്പോൾ നിലവിലുള്ള ഒഴിവുകൾ നികത്തി പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്ന് അദ്ദേഹം പറഞ്ഞു.