k-surendran

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് ജില്ലകളിൽ എൻ.ഡി.എ വൻ മുന്നേറ്റം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിലുൾപ്പെടെ പല തദ്ദേശ സ്ഥാപനങ്ങളിലും എൻ.ഡി.എ അധികാരത്തിലെത്തും. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രതിപക്ഷ മുന്നണിയുടെ ചുമതല നിർവഹിച്ചതായി കാണാൻ കഴിഞ്ഞില്ല. യു.ഡി.എഫും അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാരിന് കള്ളപ്പണ ഇടപാടിലും അഴിമതിയിലുള്ള പങ്കാളിത്തവും തിരിച്ചറിഞ്ഞ സി.പി.എം അണികളുടെ ഇടയിലും ഭരണവിരുദ്ധ വികാരം പ്രകടമാണ്. ഇതും എൻ.ഡി.എക്കാണ് നേട്ടമാകാൻ പോകുന്നത്. ആവേശത്തോടെ വോട്ട് ചെയ്യാനെത്തിയ ജനങ്ങളിലും സർക്കാർ വിരുദ്ധ മനോഭാവമുണ്ട്.

മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ ഭീകര സംഘടനകളുമായി സഹകരിച്ച് പല സ്ഥലങ്ങളിലും അടവ് നയം നടപ്പിലാക്കാൻ ശ്രമിച്ചത് വോട്ടർമാർ തിരിച്ചറിഞ്ഞെന്നും സുരേന്ദ്രൻ പറഞ്ഞു.