 
കൊച്ചി: സർക്കാർ നടപ്പാക്കുന്ന സുപ്രധാന പദ്ധതികളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സ്വർണക്കടത്തു സംഘത്തിന് ചോർത്തിയതായി കസ്റ്റംസ് കോടതിയെ അറിയിച്ചു.
വിശദമായ അന്വേഷണ റിപ്പോർട്ട് കസ്റ്റംസ് സമർപ്പിച്ചു. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി)ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ചോദ്യം ചെയ്തശേഷം ശിവശങ്കറെ റിമാൻഡ് ചെയ്യാൻ സമർപ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം.മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന നിലയിൽ ശിവശങ്കറിന് ലഭിച്ചിരുന്ന വിവരങ്ങൾ ചോർത്തിയതിന്റെ തെളിവുകൾ സ്വപ്നയും സരിത്തും നൽകിയിട്ടുണ്ട്. സർക്കാരിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണ് ശിവശങ്കറിന്റെ പ്രവൃത്തി. രാജ്യസുരക്ഷയ്ക്കു ഭീഷണിയായ ഇക്കാര്യം ചർച്ച ചെയ്യപ്പെടുന്നത് അന്വേഷണത്തിനു ഗുണകരമല്ല.
തിരുവനന്തപുരത്തെ യു.എ.ഇ കോൺസൽ ജനറൽ ഡോളർ വിദേശത്തേക്കു കടത്തിയെന്ന സ്വപ്നയുടെ മൊഴികൾ സംബന്ധിച്ച ചോദ്യംചെയ്യലിലും ശിവശങ്കർ സഹകരിച്ചില്ല. സ്വപ്നയുടെയും സരിത്തിന്റെയും വെളിപ്പെടുത്തലുകളുടെ വിശദവിവരങ്ങൾ ഇ.ഡിയോടും കസ്റ്റംസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകൾ പരിശോധിച്ച കോടതി കള്ളക്കടത്തിന് പിന്നിൽ ‘വമ്പൻ സ്രാവുകൾ’ പ്രവർത്തിച്ചതായ പറഞ്ഞ സാഹചര്യത്തിൽ ,വിശദമായ അന്വേഷണം അനിവാര്യമാണെന്നും ഇ.ഡി അറിയിച്ചു.