vyapari

കൊച്ചി : ദേശീയപാത 66 നാലുവരിയായി വികസിപ്പിക്കാൻ വീണ്ടും സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ വ്യാപാരികളും പരസ്യപ്രതിഷേധവുമായി രംഗത്ത്. ഇടപ്പള്ളിക്കും മൂത്തകുന്നത്തിനുമിടയില സ്ഥലം ഏറ്റെടുക്കൽ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ പൊളിക്കേണ്ടിവരുന്നതിനെതിരെയാണ് പ്രതിഷേധം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സ്ഥലം ഏറ്റെടുക്കലിനെതിരെ സത്യാഗ്രഹം ആരംഭിച്ചു. 40 വർഷം മുമ്പ് സ്ഥലവും കെട്ടിടങ്ങളം നൽകിയവരെ വീണ്ടും കുടിയിറക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.

കൂനമ്മാവ് ചിത്തിര കവലയിൽ ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് നിരാഹാര സമരം നടത്തി. 40 വർഷം മുമ്പ് ഏറ്റെടുത്ത ഭൂമിയിൽ നാളിതുവരെ ഊർജ്ജിത വനവത്ക്കരം മാത്രമാണ് നടന്നതെന്ന് നിരാഹാര സമരം ഉദ്ഘാടനം ചെയ്ത ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ് പറഞ്ഞു. ദേശിയ പാത വികസനത്തിനായി ഭൂമി വിട്ടുകൊടുത്ത് ബാക്കി സ്ഥലത്ത് ഉപജീവനമാർഗം കണ്ടെത്തിയ വ്യാപാരികളുടെ അന്നം മുട്ടിക്കുന്നതിനാണ് നീതിബോധമില്ലാത്ത അധികാരികൾ ശ്രമിക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു.

ജില്ലാ സെക്രട്ടറി ജിമ്മി ചക്യത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ബി. നാസർ മുഖ്യപ്രഭാക്ഷണം നടത്തി. മുൻ മന്ത്രി പി.ജെ. ജോസഫ്, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് സുബൈദ നാസർ, യൂത്ത് വിഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. നിഷാദ്, പറവൂർ മേഖല പ്രസിഡന്റ് കെ.ബി. മോഹനൻ, മാർട്ടിൻ വാഴ്‌വേലിൽ, എം.സി. പോൾസൺ, റസാക്ക്, കെ. ഗോപാലൻ, സനോജ്, സ്റ്റീഫൻ, കെ.പി. ജോസഫ്, തമ്പി മേനാച്ചേരി, ജോസി കാച്ചപ്പിള്ളി, ആൽബി ആന്റണി, പി.ജി. ജോസഫ്, ടി.എൻ. ബാബു, ജോസഫ് കോളരിക്കൽ, ഏലൂർ ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.