pally

കൊച്ചി: കോതമംഗലം മാർത്തോമ ചെറിയ പള്ളി ഏറ്റെടുത്ത് കൈമാറുന്നത് വിശ്വാസികളെ അണിനിരത്തിയും നിയമപരമായും പ്രതിരോധിക്കാൻ യാക്കോബായസഭ. നൂറ്റാണ്ടുകൾ പഴക്കമുള്ളതും പൂർവപിതാക്കളുടെ ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നതുമായ പള്ളി എന്തുവില കൊടുത്തും നിലനിറുത്താൻ അണിയറനീക്കങ്ങൾ ഉൗർജിതമായി.

ജനുവരി എട്ടിനകം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ ഹൈക്കോടതി സർക്കാരിന് കഴിഞ്ഞദിവസം അന്ത്യശാസനം നൽകിയിരുന്നു. പള്ളി സംരക്ഷിക്കാൻ തിരഞ്ഞെടുപ്പിനു ശേഷം പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് സഭാവൃത്തങ്ങൾ 'കേരളകൗമുദി'യോട് പറഞ്ഞു.സിംഗിൾബെഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകും. സ്റ്റേയും ആവശ്യപ്പെടും.

പള്ളി സംരക്ഷണത്തിന് കോതമംഗലത്തെ സംഘടനകൾ ചേർന്ന് രൂപീകരിച്ച മതമൈത്രി സംഘത്തിന്റെ യോഗം 17ന് ചേർന്ന് കൈമാറ്റം തടയാനുള്ള പ്രക്ഷോഭങ്ങൾ തീരുമാനിക്കും. ഏറ്റെടുക്കാൻ പലതവണ ശ്രമിച്ചെങ്കിലും വിശ്വാസികളുടെ ചെറുത്തുനില്പ് മൂലം പൊലീസും ജില്ലാ ഭരണകൂടവും പിന്മാറിയിരുന്നു. ഓർത്തഡോക്സ് വൈദികൻ പള്ളിയിൽ പ്രവേശിക്കുന്നതും തടഞ്ഞിരുന്നു.

സർക്കാരിന്

തലവേദന

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചെറിയപള്ളി ഏറ്റെടുത്ത് കൈമാറാൻ 2019 ഡിസംബർ മൂന്നിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. വിധി നടപ്പാക്കാത്തതിന് ഹൈക്കോടതി പലതവണ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഓർത്തഡോക്സ് വികാരി ഫാ. തോമസ് പോൾ റമ്പാൻ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് അന്ത്യശാസനം. ജനുവരി എട്ടിനകം ഏറ്റെടുത്തില്ലെങ്കിൽ സി.ആർ.പി.എഫ് നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.

പൗരാണിക

തീർത്ഥാടനകേന്ദ്രം

യാക്കോബായസഭ അങ്കമാലി ഭദ്രാസനത്തിന് കീഴിലാണ് ചെറിയ പള്ളിയെന്നറിയപ്പെടുന്ന സെന്റ് തോമസ് പള്ളി. വിശുദ്ധനായ ബസേലിയോസ് എൽദോയുടെ ശവകുടീരം പള്ളിയിലാണ്. നാലാം നൂറ്റാണ്ടിൽ നിർമ്മിച്ച വലിയപള്ളിയിൽ തർക്കങ്ങൾ രൂപപ്പെട്ടതോടെ 1455ൽ പണിത ചെറിയപള്ളി 1504 പുതുക്കിപ്പണിതു. എൻജിനിയറിംഗ് കോളേജ്, കോളേജ്, സ്കൂൾ, ആശുപത്രി എന്നിവ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പള്ളിക്ക് കീഴിലുണ്ട്. പള്ളി കൈമാറിയാൽ ഇവയുടെ ഉടമസ്ഥതയും ഓർത്തഡോക്സ് വിഭാഗത്തിനാവും.1600 കുടുംബങ്ങളാണ് പള്ളിയുടെ കീഴിലുള്ളത്.