election

കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിലെ ബൂത്തിൽ വോട്ട്‌ചെയ്യാനെത്തിയ എഴുപതുകാരനായ വോട്ടർ മാസ്‌ക് മാ​റ്റണമെന്ന് ബൂത്ത് ഏജന്റ്. തനിക്ക് ആളെ തിരിച്ചറിയാനാകുന്നില്ലെന്നും സംശയമുണ്ടെന്നുമായിരുന്നു ചെറുപ്പക്കാരന്റെ വാദം.

ഉദ്യോഗസ്ഥർ മാസ്‌ക് മാ​റ്റാൻ വോട്ടറോട് നിർദ്ദേശിച്ചപ്പോൾ അദ്ദേഹം തിരിച്ചൊരു ഡിമാന്റ് വെച്ചു. തന്നെ തിരിച്ചറിയാത്ത ഏജന്റ് വാർഡുകാരനാണോ എന്ന് തനിക്കും അറിയണം അതിനായി മാസ്‌ക് മാ​റ്റണം. നിയമം പറഞ്ഞ് ഏജന്റ് ആദ്യം നിഷേധിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ സ്‌നേഹത്തോടെയുള്ള ഇടപെടീലിൽ ഒടുവിൽ സമ്മതിച്ചുകൊടുത്തു.

മാസ്‌കും മാ​റ്റി ചിരിക്കുന്ന മുഖവും കാണിച്ചുകൊടുത്തു. ഇന്നയിടത്തെ ഇന്നയാളുടെ മകന്റെ മകനല്ലെ നീയെന്നും നിന്നേം നിന്റെ വീട്ടുകാരേം എനിയ്ക്ക് പണ്ടേ അറിയാമെന്ന ഡയലോഗും വിട്ട് കാരണവർ വോട്ടു ചെയ്ത് മടങ്ങി.