ആലുവ: കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുനടന്ന തിരഞ്ഞെടുപ്പ് പ്രചരണമാണെങ്കിലും അവസാനലാപ്പിലും മുന്നണികൾ ശുഭപ്രതീക്ഷയിലാണ്. നഗരസഭ ഭരിക്കുന്ന ഭരണപക്ഷം സംസ്ഥാന ഭരണത്തിലെ പോരായ്മകളും അഴിമതിയും ചൂണ്ടികാട്ടി വോട്ട് തേടിയപ്പോൾ പ്രതിപക്ഷം നഗരസഭ ഭരണത്തിലെ പോരായ്മകൾ ചൂണ്ടികാട്ടിയും സംസ്ഥാന ഭരണത്തിലെ ക്ഷേമപ്രവർത്തനങ്ങൾ ഉയർത്തികാട്ടിയുമാണ് വോട്ടർമാരെ നേരിട്ടത്. ഇരുമുന്നണികളെയും ഒരു പോലെ എതിർത്താണ് എൻ.ഡി.എ വോട്ട് തേടിയത്.

വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇടത് - വലത് മുന്നണികൾ നഗസഭ ഭരണം പിടിക്കുമെന്ന് അവകാശപ്പെടുകയാണ്. 2015ലെ തിരഞ്ഞെടുപ്പിൽ 26ൽ 14 സീറ്റ് നേടിയാണ് കോൺഗ്രസ് ഭരണിത്തിലേറിയത്. ഒമ്പത് സീറ്റ് എൽ.ഡി.എഫും ഒന്നിൽ ബി.ജെ.പിയും ജയിച്ചു. രണ്ട് സീറ്റിൽ കോൺഗ്രസ് റബലിനായിരുന്നു ജയം. മൂന്ന് വർഷം തികയും മുമ്പേ കോൺഗ്രസിലെ ഒരംഗത്തെ പാർട്ടി സസ്പെന്റ് ചെയ്തിരുന്നു. അതോടെ കേവല ഭൂരിപക്ഷവും ഭരണപക്ഷമില്ലാതായി. 2015ൽ 26 വാർഡുകളിലായി ആകെ പോൾ ചെയ്തത് 13,006 വോട്ടാണ്. യു.ഡി.എഫ് 5624 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫ് 4820 വോട്ട് നേടി. വ്യത്യാസം കേവലം 804 വോട്ട് മാത്രം. 15 വാർഡിൽ മത്സരിച്ച ബി.ജെ.പി 1493 വോട്ട് നേടി.

ഇക്കുറി 15നും 20നുമിടയിൽ സീറ്റുകളിൽ വിജയിക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. എന്നാൽ 15 സീറ്റ് വരെ നേടുമെന്നാണ് എൽ.ഡി.എഫിന്റെ അവകാശവാദം. 2010ൽ 21 സീറ്റിൽ ജയിച്ച കോൺഗ്രസ് കഴിഞ്ഞ തവണ 14ആയി ചുരുങ്ങിയെങ്കിൽ ഇക്കുറി രണ്ടക്കം തികക്കില്ലെന്നും എൽ.ഡി.എഫ് പറയുന്നു. ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ തവണ ഒരു സീറ്റ് നേടിയ ബി.ജെ.പി ഇക്കുറി എൻ.ഡി.എ മുന്നണിയിലൂടെ അഞ്ച് സീറ്റിൽ കുറയാതെ വിജയിക്കുമെന്നാണ് അവകാശപ്പെടുന്നത്. ഇതുവഴി കൗൺസിലിൽ നിർണായക ശക്തിയാകുമെന്നും എൻ.ഡി.എ അവകാശപ്പെടുന്നു.