 
ആലുവ:പരിസ്ഥിതി, നദീസംരക്ഷണ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന ആലുവ കുന്നുംപുറം റോഡിൽ 'രാമപ്രിയയിൽ' ഡോ. എസ്. സീതാരാമൻ (74) വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. മൃതദേഹം അശോകപുരം കാർമൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിദേശത്തുള്ള മക്കൾ നാട്ടിലെത്തിയശേഷം സംസ്‌കാരം നടത്തും.
ഇന്നലെ രാവിലെ സമീപത്തെ കടയിൽ നിന്ന് പാൽ വാങ്ങി മടങ്ങുമ്പോൾ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമുള്ള വീടിന് 25 മീറ്റർ മുമ്പ് വളവ് തിരിയുമ്പോഴാണ് സംഭവം. അവിടെയുണ്ടായിരുന്നവർ അദ്ദേഹത്തെ താങ്ങി വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ ഗേറ്റിന് സമീപം കുഴഞ്ഞുവീണു. വെള്ളം കുടിച്ചപ്പോൾ ഉന്മേഷവാനായ അദ്ദേഹം ആശുപത്രിയിൽ പോകാമെന്ന് നാട്ടുകാർ നിർബന്ധിച്ചെങ്കിലും വഴങ്ങിയില്ല. പത്ത് മണിയോടെ പത്രം വായനയ്‌ക്കായി വീടിന്റെ മുകളിലെ നിലയിലേക്ക് പോയി. ഒന്നരമണിക്കൂർ കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഭാര്യ ചെന്ന് നോക്കിയപ്പോഴാണ് കസേരയിൽ നിന്ന് വീണു കിടക്കുന്നത് കണ്ടത്. ഉടൻ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ആലുവ പരിസ്ഥിതി സംരക്ഷണ സംഘത്തിന്റെ സ്ഥാപകനും ദീർഘനാൾ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. കേരള നദീസംരക്ഷണ സമിതി പ്രസിഡന്റാണ്. ആലുവ പെരിയാറിനോട് ചേർന്ന് നദീസംരക്ഷണ നിയമം ലംഘിച്ച് ടൂറിസം വകുപ്പ് ഒരു കോടിയോളം രൂപ മുടക്കി നിർമ്മിച്ച മഴവിൽ റസ്റ്റോറന്റ് നിയമയുദ്ധം നടത്തി പൊളിപ്പിച്ചത് ഡോ. സീതാരാമനായിരുന്നു. ശിവരാത്രി മണപ്പുറത്ത് തീരസംരക്ഷണത്തിന്റെ ഭാഗമായി കുട്ടിവനവും വച്ചുപിടിപ്പിച്ചു.
കാലടി ശ്രീശങ്കര കോളേജിലെ കെമിസ്ട്രി വിഭാഗം മേധാവിയായിരുന്നു. വിരമിച്ച ശേഷം കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലും അദ്ധ്യാപകനായി. ദേശീയ, സംസ്ഥാന തലങ്ങളിൽ നിരവധി പരിസ്ഥിതി അവാർഡുകൾ നേടിയിട്ടുണ്ട്.
ഭാര്യ: പി.ഇ. പാർവതി (റിട്ട. സയന്റിസ്റ്റ് എൻ.പി.ഒ.എൽ). മക്കൾ: ജയനാരായൺ, (സയന്റിസ്റ്റ് കാലിഫോർണിയ ), ഹരീശ്വരൻ (അമേരിക്ക). മരുമക്കൾ: ബിയാട്രീസ് (പാരീസ്), അർച്ചന (അമേരിക്ക).