polling

കൊച്ചി: നഗരത്തിൽ നിന്ന് ബോട്ടിൽ തിരഞ്ഞെടുപ്പ് സാമഗ്രികളുമായി ഉദ്യോഗസ്ഥരെത്തി. തടിയിൽ തീർത്ത പൊളിഞ്ഞു വീഴാറായ പാലവും കടന്ന് അവർ വോട്ടെടുപ്പ് കേന്ദ്രമായ അങ്കണവാടിയിലേക്ക് നീങ്ങി. പാഴായ പ്രഖ്യാപനങ്ങൾക്കും മേലെ പൊളിഞ്ഞു വീഴാറായ വീടുകളിൽ നിന്ന് നിസംഗരായി വോട്ടർമാർ ഇക്കുറിയും അവരെ വരവേറ്റു. നഗരത്തിൽ നിന്ന് കണ്ണെത്തും ദൂരത്തായിട്ടും വികസനം എത്തിനോക്കിയിട്ടില്ലാത്ത ഗ്രാമം. താന്തോണി തുരുത്ത് വാഗ്ദാനങ്ങളുടെ ഭാരവുമായി വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. വികസനം പൂജ്യത്തിൽ നിൽക്കുന്ന ഇവിടെ അടിയന്തിര ചികിത്സയ്ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ചുറ്റുപാടും വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തിലേക്ക് മതിയായ യാത്രാസൗകര്യമോ ഒന്നുമില്ല. ഇടിഞ്ഞു പൊളിഞ്ഞുവീഴാറായ 64 വീടുകളും നഗരത്തിലേക്ക് കടക്കാനായി കാലപ്പഴക്കം ചെന്നൊരു ബോട്ടുമാണ് സ്വന്തമായുള്ളത്.
എല്ലാ തിരഞ്ഞെടുപ്പുകളും രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപനങ്ങളുമായി എത്തുമെങ്കിലും ഒന്നും പാലിക്കപ്പെടാറില്ല. ഓരോ വേലിയേറ്റത്തിലും വീടുകൾക്കുള്ളിലേക്ക് വെള്ളം ഇരച്ചു കയറുമ്പോൾ ജീവനും വാരിപ്പിടിച്ച് നഗരത്തിലേക്ക് കുടിയേറും. ഉടൻ ജില്ലാ ഭരണ കൂടവും അധികൃതരും വാഗ്ദാനങ്ങളുമായി ഓടിയെത്തും. പ്രതിഷേധങ്ങളോ സമരങ്ങളോ ഒന്നും വേണ്ടപ്പെട്ടവരുടെ കണ്ണുതുറപ്പിക്കുന്നില്ല. രണ്ടാഴ്ച മുമ്പ് വരെ വേലിയേറ്റസമയത്ത് അർദ്ധരാത്രി ജിഡയുടെ ഓഫീസ് കെട്ടിടത്തിന്റെ വരാന്തയിൽ ഇവർ അഭയാർത്ഥികളായെത്തി രാപ്പകൽ അതിജീവന സമരം നടത്തിയിരുന്നു. വെള്ളക്കെട്ടിന് പരിഹാരം കാണുമെന്ന കളക്ടറുടെ ഉറപ്പുമായാണ് തുരുത്തിലേക്ക് മടങ്ങിയത്.
ഇക്കുറി തിരഞ്ഞെടുപ്പിൽ നിന്ന് ഒരുവിഭാഗം പ്രതിഷേധസൂചകമായി വിട്ടുനിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആർക്കെങ്കിലും പെട്ടന്ന് ഹൃദയാഘാതമോ മറ്റെന്തെങ്കിലും അപകടമോ സംഭവിച്ചാൽ പോലും വള്ളം തുഴഞ്ഞുവേണം നഗരത്തിലെത്താൻ. പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. പ്രാഥമികസൗകര്യങ്ങൾ ഒരുക്കിനൽകാൻ സർക്കാർ തയ്യാറാവാത്തതിനാലാണ് സമരമെന്ന് താന്തോണി തുരുത്ത് സ്വദേശിയായ ഉമാവതി പറയുന്നു. മതിയായ യാത്രാസൗകര്യമെങ്കിലും ഒരുക്കി നൽകണമെന്നതാണ് ദ്വീപുവാസികളുടെ പ്രധാന ആവശ്യം.