 
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലേയും, ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന എട്ട് ഗ്രാമ പഞ്ചായത്തിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളും, പോളിംഗ് സാമിഗ്രികളും, ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. മൂവാറ്റുപുഴ നഗരസഭ കാര്യാലയം, മൂവാറ്റുപുഴ നിർമ്മല ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് പോളിംഗ് സാമിഗ്രികൾ ഏറ്റുവാങ്ങിയത്. മൂവാറ്റുപുഴ നഗരസഭയിലെ 28 വാർഡുകളിലെ 28 ബൂത്തുകൾക്കുളള പോളിംഗ് സാമഗ്രികൾ മൂവാറ്റുപുഴ നഗരസഭ ഓഫീസിൽ നിന്ന് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന എട്ട് ഗ്രാമ പഞ്ചായത്തുകളിലെ 173 ബൂത്തുകളിലേക്കുളള പോളിംഗ് സാമഗ്രികൾ മൂവാറ്റുപുഴ നിർമ്മല ഹെെസ്കൂളിൽ നിന്നാണ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങിയത്. ഏറ്റവും കൂടുതൽ ബൂത്തുകളുള്ളത് പായിപ്ര പഞ്ചായത്തിലാണ്. ഇവിടെ 42 ബൂത്തുകളാണുളളത്. പഞ്ചായത്തിലെ വോട്ടർമാർ ഗ്രാമ, ബ്ലോക്ക്, ജില്ലാ ഡിവിഷനിലേക്കൾപ്പടെ മൂന്ന് വോട്ട് ചെയ്യണം. നഗരസഭയിലെ വോട്ടർമാർക്ക് ഒരുവോട്ടുമാത്രമാണുളളത് . യന്ത്ര തകരാർ സംഭവിച്ചാൽ പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പ് സുഗമമാക്കുന്നതിനുളള നടപടി ക്രമങ്ങൾ കുറ്റമറ്റ രീതിയിൽ ക്രമീകരിച്ചിട്ടുണ്ട് . രാവിലെ 7മുതൽ വൈകിട്ട് 6വരെയാണ് വോട്ടിംഗ് സമയം. കൊവിഡിന്റെ പാശ്ചാത്തലത്തിൽ ബൂത്തുകളെല്ലാം പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.