shrimp

കൊച്ചി: ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കാരച്ചെമ്മീനിന്റെ പരിശോധന ജപ്പാൻ പൂർണമായും പിൻവലിച്ചു. രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്ക് ആശ്വാസം പകരുന്നതാണ് ഈ തീരുമാനം.

ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന കാരച്ചെമ്മീനിൽ ആന്റി ബാക്ടീരിയൽ മരുന്നായ ഫ്യൂറസോളിഡോണിന്റെ അംശം പൂർണമായും ഇല്ലാതായതാണ് വിലക്ക് നീക്കാൻ കാരണം.

ജപ്പാനിലെ ഇന്ത്യൻ എംബസി, സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ), എക്‌സ്‌പോർട്ട് ഇൻസ്‌പെക്ഷൻ കൗൺസിൽ ഒഫ് ഇന്ത്യ എന്നിവയെ ജപ്പാനിലെ ആരോഗ്യ തൊഴിൽക്ഷേമ മന്ത്രാലയം രേഖാമൂലം ഇക്കാര്യമറിയിച്ചു.

ഈ വർഷം മാർച്ച് 25 ന് കാരച്ചെമ്മീനിന്റെ പരിശോധന തോത് 30 ശതമാനമാക്കി ജപ്പാനിലെ ആരോഗ്യമന്ത്രാലയം കുറച്ചിരുന്നു. തുടർന്നുള്ള മാസങ്ങളിലെ ഇറക്കുമതിയിലും ഫ്യൂറോസോളിഡോണിന്റെ അംശം കണ്ടെത്താനായില്ല. തുടർന്നാണ് ജപ്പാനിലെ ഭക്ഷ്യശുചിത്വ നിയമത്തിന്റെ 26ാം വകുപ്പ് പ്രകാരം കാരച്ചെമ്മീൻ ഇറക്കുമതി ഉത്പന്നങ്ങൾക്ക് പരിശോധന പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചത്.

ഡിസംബർ ഒന്നിനാണ് ഇന്ത്യയിൽ നിന്നുളള കാരച്ചെമ്മീനിന്റെ പരിശോധന പൂർണമായും എടുത്തു കളഞ്ഞെന്ന ഔദ്യോഗിക അറിയിപ്പ് ജപ്പാനിലെ എല്ലാ ക്വാറൻറൈൻ മേധാവികൾക്കും ലഭിച്ചത്. പതിവ് ആഭ്യന്തര നിരീക്ഷണം മാത്രം മതിയെന്നുമാണ് ഉത്തരവ്.

2020 മാർച്ചിൽ ജപ്പാനിൽ നിന്നുള്ള രണ്ടംഗ വിദഗ്ധ സംഘം ഇന്ത്യയിലെ കാരച്ചെമ്മീൻ ഹാച്ചറികൾ, പ്രജനന കേന്ദ്രങ്ങൾ, സംസ്‌കരണ കേന്ദ്രങ്ങൾ മുതലായവ സന്ദർശിച്ചിരുന്നു.

കേരളത്തിലും പശ്ചിമബംഗാളിലുമാണ് കൂടുതൽ കാരച്ചെമ്മീൻ കൃഷി ചെയ്യുന്നത്. കാരച്ചെമ്മീനിന്റെ പരിശോധന ഒഴിവാക്കണമെന്ന് വിവിധ വേദികളിലായി എം.പി.ഇ.ഡി.എ ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്.

കൊച്ചി വല്ലാർപാടത്തെ എം.പി.ഇ.ഡി.എയുടെ മൾട്ടി സ്പീഷീസ് അക്വാകൾച്ചർ സെന്ററിൽ മികച്ചയിനം കാരച്ചെമ്മീൻ കുഞ്ഞുങ്ങൾ ലഭ്യമാണ്. രോഗപ്രതിരോധശേഷിയും വളർച്ചയുമുള്ളതാണ് ഈ കുഞ്ഞുങ്ങൾ.

കാരച്ചെമ്മീൻ പ്രിയങ്കരം

ലോകത്തെ ഏറ്റവും ഇഷ്ടപ്പെടുന്ന ചെമ്മീൻ ഇനമാണ് കാരച്ചെമ്മീൻ. ഇത് ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയുടെ പ്രധാന ഭാഗവുമാണ്. ആകെ കയറ്റുമതിയുടെ 40 ശതമാനവും ജപ്പാനിലേക്കാണ്. യൂറോപ്യൻ യൂണിയനും അമേരിക്കയുമാണ് മറ്റ് പ്രധാന കയറ്റുമതി വിപണികൾ.

വലിയ നേട്ടം

കൊവിഡ് പകർച്ചവ്യാധി മൂലമുണ്ടായ പ്രതിസന്ധിയിൽ ഉഴറി നിൽക്കുന്ന രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്ക് പുത്തനുണർവ് നൽകുന്നതാണ് ഈ തീരുമാനം. കാരച്ചെമ്മീൻ കൃഷിയിലേക്ക് കൂടുതൽ കർഷകർ വരും.

കെ.എസ് ശ്രീനിവാസ്

എം.പി.ഇ.ഡി.എ ചെയർമാൻ