തൃപ്രയാർ: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം വെള്ളിയാഴ്ച ആഘോഷിക്കും. എകാദശിക്കു മുന്നോടിയായുള്ള ദശമിവേലയും വിളക്കും ഇന്ന് നടക്കും. ദശമി വേലയുടെ ഭാഗമായി പുലർച്ചെ മുതൽ ക്ഷേത്രത്തിൽ വേല വെടികൾ മുഴങ്ങും.
ഉച്ചതിരിഞ്ഞ് ശാസ്താവിനെ പുറത്തേക്ക് എഴുന്നള്ളിക്കും. പഞ്ചവാദ്യം അകമ്പടിയാവും. കല്ലൂപ്പാലം വരെയുള്ള എഴുന്നള്ളിപ്പിനു ശേഷം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നളളും. തുടർന്ന് തേവരോടൊപ്പമുള്ള കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. രാത്രി ദശമി വിളക്കിന് വീണ്ടും തേവർ എഴുന്നള്ളും. തേവരുടെയും ശാസ്താവിന്റെയും എഴുന്നള്ളിപ്പിന് 2 ആനകളാണ് പങ്കെടുക്കുക. ഏകാദശി ദിവസം ഒരാന എഴുന്നള്ളിപ്പാണ് നടക്കുക.
ഇന്നും നാളെയും നടക്കുന്ന ആഘോഷത്തിന് കൊവിഡ് മാനദണ്ഡപ്രകാരം കർശനനിയന്ത്രണം എർപ്പെടുത്തിയതായി ദേവസ്വം മാനേജർ എം. കൃഷ്ണൻ നമ്പൂതിരി പറഞ്ഞു. ക്ഷേത്ര മതിൽക്കെട്ടിനകത്തും നടപ്പുരയിലും ഭക്തർക്ക് പ്രവേശിക്കുന്നതിന് വിലക്ക് എർപ്പെടുത്തിയിട്ടുണ്ട്.