army
സാൽവേഷൻ ആർമി ജീവനക്കാർ പോളിംഗ് സാമഗ്രികളുമായി ബൂത്തിലേയ്ക്ക് എത്തുന്നു

കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് വരിക്കോലി വാർഡിൽ ഇക്കുറി തിരഞ്ഞെടുപ്പ് 'രക്ഷാസൈന്യം' നിയന്ത്രിയ്ക്കും. പ്രശ്ന ബാധിത ബൂത്തായതിനാൽ അല്ല ! സാൽവേഷൻ ആർമിയുടെ കീഴിലുള്ള കുഷ്ഠ രോഗ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായുള്ള ഇവിടെ അന്തേവാസികൾക്കും, ജീവനക്കാർക്കും വേണ്ടി തയ്യാറാക്കിയ ബൂത്താണിത്. സാൽവേഷൻ ആർമിയുടെ ജീവനക്കാരാണ് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. ഇവിടുത്തെ ആശുപത്രിയിലെ ജീവനക്കാരിയായ പി.കെ ആനിയാണ് പ്രിസൈഡിംഗ് ഓഫീസർ, റേച്ചൽ തങ്കച്ചൻ ഫസ്റ്റ് പോളിംഗ് ഓഫീസറും, ജോയ്സ് ജോസഫ്, ഇ.കെ ലിമു എന്നിവർ മറ്റ് പോളിംഗ് ഉദ്യോഗസ്ഥരുമാണ്. ഇവരെ കൂടാതെ പുറമെ നിന്ന് ഒരു സുരക്ഷ ഉദ്യോഗസ്ഥനുമുണ്ട്. ജില്ലയിലെ വോട്ടർമാരിൽ ഏറ്റവും കുറവുള്ളതും പുത്തൻകുരിശ് പഞ്ചായത്തിലെ വരിക്കോലി പത്താം വാർഡിലെ രണ്ടാം ബൂത്തായ സാൽവേഷൻ ആർമി കമ്മ്യൂണിറ്റി ഹാൾ ബൂത്തിലാണ്. 17 പേരാണ് ആകെ വോട്ടർമാർ. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ കാലം മുതൽ ഇവിടെ പ്രവർത്തിക്കുന്ന കുഷ്ഠ രോഗാശുപത്രിയിലെ അന്തേവാസികൾക്ക് വോട്ടു ചെയ്യാൻ ബൂത്തുണ്ട്. 1934 ലാണ് സാൽവേഷൻ ആർമി ഇവിടെ പ്രവത്തനം ആരംഭിക്കുന്നത്. തുടക്ക കാലത്ത് 300 - 350 വോട്ടർമാർ വരെയുണ്ടായിരുന്നു. കഴിഞ്ഞ ലോക സഭ തിരഞ്ഞെടുപ്പിൽ 20 പേർക്ക് വോട്ടുണ്ടായിരുന്നു. നടന്നെത്തി വോട്ടു ചെയ്യാൻ കഴിയാത്തവരാണ് നിലവിലുള്ള അന്തേവാസികളിലധികവും. സന്നദ്ധ പ്രവർത്തകർ എടുത്തു കൊണ്ടും, വീൽ ചെയറിലെത്തിച്ചുമാണ് വോട്ട് രേഖപ്പെടുത്തുന്നത്. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ ഇതിനോടകം അന്തേവാസികൾക്കിടയിൽ ശക്തമായ പ്രചാരണവും നടത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ, ലോകസഭ തിരഞ്ഞെടുപ്പിൽ സർക്കാർ ഉദ്യോഗസ്ഥരായിരുന്നു പ്രധാന പോളിംഗ് ഓഫീസർമാർ. ഇക്കുറി ചുമതല സാൽവേഷൻ ആർമി ജീവനക്കാർക്ക് കൈമാറി.