
ന്യൂഡൽഹി: സേവന, എക്സൈസ് നികുതി തർക്കങ്ങൾ തീർപ്പാക്കൽ പദ്ധതിയിലൂടെ ഒരു വർഷത്തിനിടെ കേന്ദ്രസർക്കാരിന് ലഭിച്ചത് 1.11 ലക്ഷം കോടി രൂപ.
ദീർഘനാളായി കേസുകളിൽപ്പെട്ടു കിടന്ന തർക്കങ്ങളാണ് ഇളവുകൾ നൽകി തീർപ്പാക്കിയവ.
• സബ് കാ വിശ്വാസ് സ്കീമിലൂടെ തീർപ്പാക്കിയതു വഴി 39,500 കോടി ലഭിച്ചു. കഴിഞ്ഞ ജനുവരി 15ന് ഈ പദ്ധതി അവസാനിച്ചു.
• വിവാദ് സേ വിശ്വാസ് സ്കീമിലൂടെ തർക്കങ്ങളിലും ബിസിനസ് തുടരുന്നവർക്കുള്ള ആംനസ്റ്റി പദ്ധതി പ്രകാരം 72,000 കോടിയും ലഭിച്ചു.
ഈ വർഷം കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപിച്ചതാണ് വിവാദ് സേ വിശ്വാസ് പദ്ധതി. 2020 ജനുവരി 31 വരെയുള്ള നികുതി തർക്കങ്ങൾക്കും കുടിശികയ്ക്കുമുള്ള പിഴ, പലിശ, പ്രോസിക്യൂഷൻ എന്നിവ ഒഴിവാക്കി നൽകും. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പദ്ധതി പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോയില്ല. ഡിക്ളറേഷൻ നൽകാനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. തുക അടയ്ക്കാനുള്ള തീയതി
മാർച്ച് 31 വരെ നീട്ടിയിട്ടുമുണ്ട്.
ഈ സാമ്പത്തികവർഷം നികുതി വരുമാനം ഇതുവരെ 4.09 ലക്ഷം കോടിയാണ്. ലക്ഷ്യം ആകട്ടെ 13.19 ലക്ഷം കോടിയും. സാമ്പത്തിക വർഷം തീരാൻ നാലു മാസം ശേഷിക്കുമ്പോൾ 31% മാത്രമാണ് വരുമാനം. കൊവിഡ് പ്രതിസന്ധിയാണ് കാരണം. നാലു മാസം കൊണ്ട് നികുതിവരുമാന ശേഖരണം ലക്ഷ്യത്തിലെത്തിക്കാനാണ് കേന്ദ്രസർക്കാർ നീക്കം.
പദ്ധതി പ്രകാരം ഒത്തുതീർപ്പാക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ മാത്രം നികുതി തർക്കം ഒരു ലക്ഷം കോടി വരും. പദ്ധതിയോട് സഹകരിക്കാത്ത കേന്ദ്രസ്ഥാപനങ്ങളുടെ വിശദാംശങ്ങളും സമർപ്പിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുമുണ്ട്. പദ്ധതി വിജയകരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളുടെ നികുതി തർക്കങ്ങളെല്ലാം പരിഹരിക്കുമെന്നാണ് സൂചന.
വിവാദ് സേ വിശ്വാസ് പദ്ധതി
ഡിക്ളറേഷൻ സമർപ്പിക്കേണ്ടത് : 2020 ഡിസംബർ 31
തുക അടയ്ക്കേണ്ടത് : 2021 മാർച്ച് 31
നവംബർ 17 വരെ ലഭിച്ച പിഴ: 72,480 കോടി
ഇതുവരെ സമർപ്പിച്ച ഡിക്ളറേഷൻ: 45,855 എണ്ണം
കേസുകൾ : 4,00,000
തർക്കത്തിലുള്ള തുക : 9.3 ലക്ഷം കോടി