പറവൂർ: പറവൂർ നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് ചരിത്രവിജയം നേടുമെന്ന് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. വടക്കേക്കര പഞ്ചായത്ത് ഉൾപ്പെടെ ഏഴു പഞ്ചായത്തുകളിലും പറവൂർ നഗരസഭയിലും യു.ഡി.എഫ് ജയിക്കും. പ്രളയാനന്തര പ്രവർത്തനങ്ങളിൽ പറവൂരിലെ യു.ഡി.എഫിന്റെ സമീപനങ്ങളും പുനർജനിപദ്ധതിയും ജനങ്ങൾ അംഗീകരിക്കും. പുനർജനി പദ്ധതിക്ക് നേതൃത്വം കൊടുത്ത തന്നെ അപകീർത്തിപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ എൽ.ഡി.എഫിന് തിരിച്ചടിയാകും. പുനർജനി പദ്ധതിയെക്കുറിച്ച് നൽകിയ രണ്ട് പരാതികളും ആദ്യം ആഭ്യന്തരവകുപ്പും പിന്നെ നിയമസഭാ സ്പീക്കറും തള്ളി. സി.ബി.ഐ അന്വേഷണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചും തള്ളി. തങ്ങൾ അന്വേഷണം നടത്തിയതാണെന്നും കേസെടുക്കേണ്ട ഒരു കാര്യവും ഇല്ലെന്നാണ് സി.ബി.ഐ ഹൈക്കോടതിയിൽ ബോധിപ്പിച്ചത്. എന്നിട്ടും താൻ ജയിലിലേക്കുള്ള ക്യൂവിലാണെന്ന് പോസ്റ്ററൊട്ടിച്ച് തന്നെ അപമാനിക്കുകയാണ്. ഇതിന് പറവൂരിലെ ജനങ്ങൾ തക്കതായ തിരിച്ചടി നൽകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.