caravan
മമ്മൂട്ടിയുടെ പുതുപുത്തൻ കാരവൻ

കൊച്ചി: അടിപൊളി നക്ഷത്രഹോട്ടലിന്റെ പകിട്ട്. സിനിമകാണാൻ തിയേറ്റർ. മുകളിലേക്ക് നോക്കിയാൽ ആകാശപ്പൊലിമ. പറഞ്ഞാൽ തെളിയുകയും കെടുകയും ചെയ്യുന്ന ലൈറ്റുകൾ. ആറു വശങ്ങളിലേക്ക് തിരിയുന്ന സീറ്റുകൾ. ബുള്ളറ്റ് പ്രൂഫാണ്. എ.കെ. 47 തോക്കിനാൽ വെടിവച്ചാലും പോറലേൽക്കില്ല. സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ പുതുപുത്തൻ കാരവൻ ഇന്ത്യയിൽ നമ്പർവൺ.

മെഴ്സിഡസ് ബെൻസ് ബസിൽ തയ്യാറാക്കിയ കാരവന് ഇഷ്ടനമ്പരായ കെ.എൽ. 7 സി.യു. 369ഉം മമ്മൂട്ടി സ്വന്തമാക്കി. കൊച്ചി സീപോർട്ട് - എയർപോർട്ട് റോഡിൽ പരസ്യചിത്രത്തിൽ അഭിനയിക്കാൻ മമ്മൂട്ടി എത്തിയപ്പോഴാണ് കാരവൻ പുറംലോകം കണ്ടത്.

കാരവന്റെ കിടപ്പുമുറിയിൽ നക്ഷത്രഹോട്ടൽ സൗകര്യങ്ങളുണ്ട്. സ്വിച്ചിട്ടാൽ ആ ഭാഗം പുറത്തേക്കുവരുന്ന വിധത്തിലാണ് നിർമ്മാണം. ബെഡും മറ്റു സൗകര്യങ്ങളും ഇറക്കുമതി ചെയ്തവ. ഇറ്റലിയിൽനിന്നുള്ള ലെതറാണ് ഉപയോഗിച്ചത്.

അകത്തെ ശബ്ദം പുറത്തോ പുറത്തെ ശബ്ദം അകത്തോ കേൾക്കില്ല. റോൾസ് റോയ്സ് കാറുകളിൽ മാത്രമുള്ള സ്റ്റാർനൈറ്റ് സ്കൈ റൂഫുണ്ട്. രാത്രി ആകാശത്തു നക്ഷത്രങ്ങളെ കാണുന്ന ദൃശ്യപ്പൊലിമയും അനുഭവവും ലഭിക്കുന്ന സംവിധാനം മമ്മൂട്ടി പ്രത്യേകം നിർദ്ദേശിച്ചതാണ്.

ചൂടിനെ ചെറുക്കുന്ന ഗ്ളാസുകളാണ് ബോഡിയിൽ ഉപയോഗിച്ചത്. രണ്ടുനിര ഗ്ളാസുകൾക്കിടയിൽ പ്രത്യേക വാതകം നിറച്ചാണ് ഇത് ക്രമീകരിച്ചത്. പൊരിവെയിലിലും ഉള്ളിൽ നേരിയ ചൂടുപോലും കടക്കില്ല.

12 മീറ്റർ നീളമുള്ള ബസിൽ ഒരുക്കിയ കാരവൻ നിറുത്തിയിടുമ്പോൾ നാല് ഓട്ടോമാറ്റിക് ജാക്കികളിൽ ഉയർന്നുനിൽക്കും. ചെലവ് വ്യക്തമാക്കിയിട്ടില്ല.

രാജ്യത്ത് ആദ്യം

2018ൽ നടപ്പാക്കിയ കാരവൻ നിർമ്മാണ കോഡ് പ്രകാരം ഏറ്റവും ഉന്നതമായ എ.ഐ.എസ് 124 സർട്ടിഫിക്കറ്റ് നേടിയ രാജ്യത്തെ ആദ്യത്തെ കാരവനാണിത്. നിരവധി കർശന പരിശോധനകൾക്കു ശേഷമാണ് സർട്ടിഫിക്കറ്റുകൾ നേടി കാരവൻ രജിസ്റ്റർ ചെയ്തത്. ആറുമാസം കൊണ്ടാണ് നിർമ്മിച്ചത്. മുൻനിര ബസ് ബോഡി, കാരവൻ നിർമ്മാതാക്കളായ കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈൽസാണ് ഇത് ഒരുക്കിയത്.