പറവൂർ: വിതരണ കേന്ദ്രങ്ങളിൽ നിന്നും സ്വീകരിച്ച പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ വൈകിട്ടോടെ ബൂത്തുകളിലെത്തി. ഒരു സുരക്ഷ ഗാർഡ് ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരാണ് ഓരോ ബൂത്തുകളിലുമുള്ളത്. പറവൂർ ബ്ളോക്ക് പഞ്ചായത്തിനു കീഴിലുള്ള ചേന്ദമംഗലം, വടക്കേക്കര, കോട്ടുവള്ളി, ചിറ്റാറ്റുകര, ഏഴിക്കര എന്നീ പഞ്ചായത്തുകളിലെ 181 പോളിംഗ് ബൂത്തികുളിലേയ്ക്കുള്ള സമാഗ്രികൾ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലും പറവൂർ നഗരസഭയിലെ 29 ബൂത്തുകളിലേയ്ക്കുള്ള സാമഗ്രികൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുമാണ് വിതരണം ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ ഓരോ പഞ്ചായത്തുകൾക്കും വ്യത്യസ്ത സമയമാണ് നൽകിയിരുന്നത്. എന്നാൽ ഉദ്യോഗസ്ഥർ നേരത്തെ എത്തിയത് തിരിക്കിന് ഇടയാക്കി. ആയിരത്തിലധികം ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിട്ടുള്ളത്. പഞ്ചായത്തിലെ ഒരു ബൂത്തിലേക്ക് മൂന്നു വോട്ടിംഗ് മെഷീനും ഒരു കൺട്രോൾ യൂണിറ്റും ഒരു റിസവർവ് മെഷീനും നൽകിയത്. കൊവിഡിന്റെ സാഹചര്യത്തിൽ ആറ് ലീറ്റർ സാനിറ്റൈസർ, ആറ് വീതം പി.പി.ഇ കിറ്റ്, മാസ്ക്, ഷീൽഡ്, ഗ്ലൗസ് എന്നിവ ഓരോ ബൂത്തിലും നൽകിയിട്ടുണ്ട്. സാമഗ്രികളുമായി ഉദ്യോഗസ്ഥർക്ക് ബൂത്തുകളിലെത്താൻ വാഹനങ്ങൾ പതിവിലധികം ഒരുക്കിയിരുന്നു. വോട്ടെടുപ്പിന് ശേഷം പറവൂർ ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിലെ വോട്ടിംഗ് മെഷീനുകൾ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലും നഗരസഭയിലേതു ഗവ ഹയർസെക്കൻഡറി സ്കൂളിലും തിരിച്ചെത്തിക്കും. ഇവിടെ സജീകരിച്ചിട്ടുള്ള സ്ട്രോംഗ് റൂമുകളിലാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുക.