തോപ്പുംപടി: ഹാർബർ പാലത്തിനടിയിലെ കുടിവെള്ള പൈപ്പിൽ നിന്നും പാഴാകുന്ന വെള്ളത്തിൽ കുളിച്ച് വിഫോർ കൊച്ചി പ്രവർത്തകർ പ്രതിഷേധിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി പാലത്തിനടിയിലൂടെ കടന്ന് പോകുന്ന പൈപ്പിലെ മൂന്ന് വിള്ളലിലൂടെ ലിറ്ററ് കണക്കിന് കുടിവെള്ളമാണ് പാഴാകുന്നത്. ഇതുമായി തോപ്പുംപടി പൊലീസിലും വാട്ടർ അതോറിട്ടിക്കും പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും പരിഹാരമുണ്ടായില്ല. കുടിവെള്ളക്ഷാമം നേരിടുന്ന പശ്ചിമകൊച്ചിക്ക് വെള്ളം പാഴാകുന്നതുമൂലം വൻ നഷ്ടമാണ് ഉണ്ടാകുന്നത്.ബിൽ കുടിശിക അടക്കാതെ വന്നാൽ സാധാരണക്കാരന്റെ വീട്ടിലെ പൈപ്പ് കണക്ഷൻ വിച്ഛേദിക്കുന്നവർ ഈ കാഴ്ച കാണാതെ പോവുകയാണെന്ന് വി ഫോർ കൊച്ചി ആരോപിച്ചു. പാലത്തിനടിയിലായതിനാൽ പലരുടെയും ശ്രദ്ധയിൽ ഇത് പെടാറില്ല. തുരുമ്പിച്ച കൂറ്റൻ പൈപ്പ് തകർന്ന് ഏത് നിമിഷവും നിലംപൊത്താറായ സ്ഥിതിയാണ്. അനീതിക്കെതിരെ പോരാടുന്ന തങ്ങൾ നീതി കിട്ടുന്നതു വരെ സമരം തുടരുമെന്ന് വി ഫോർ കൊച്ചി പ്രവർത്തകർ പറഞ്ഞു. സമരം കാമ്പയിൻ കൺട്രോളർ നിപുൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഓസ്റ്റിൻ ദ്രൂസ്, ജെബി ക്ലിയോഫസ്, സ്ഥാനാർത്ഥികളായ മിന്റുമോൾ, ഐബിമേരി വിൽഫ്രഡ്, സിജിവർഗീസ് തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.