water
പൈപ്പ് ലൈൻ റോഡിൽ നിർമ്മല സ്കൂളിന് സമീപം വിശാലകൊച്ചിയിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഭൂഗർഭ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് അറ്റകുറ്റപ്പണി നടത്തുന്നു

ആലുവ: പൈപ്പ് ലൈൻ റോഡിൽ നിർമല സ്കൂളിന് സമീപം വിശാലകൊച്ചിയിലേക്ക് വെള്ളം കൊണ്ടുപോകുന്ന കൂറ്റൻ ഭൂഗർഭ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്നുള്ള അറ്റകുറ്റപ്പണി തീരുന്നത് വൈകും. പൈപ്പുകൾ കൂട്ടിച്ചേർക്കുന്ന ഭാഗത്തെ വാഷ് കോട്ടയത്ത് ഓർഡർ ചെയ്തിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ ലഭിച്ചാൽ നാളെ പുലർച്ചെയോടെ പമ്പിംഗ് പുനരാരംഭിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് പൈപ്പ് പൊട്ടിയത്. വൈകിട്ടോടെ അറ്റകുറ്റപ്പണി ആരംഭിച്ചെങ്കിലും ഭീമൻ പൈപ്പായതിനാൽ റെഡിമെയ്ഡ് വാഷ് കിട്ടാനില്ലാത്തതാണ് പ്രശ്നം. ഇതുവഴിയുള്ള ഗതാഗതവും നിരോധിച്ചിരിക്കുകയാണ്. റോഡിനടിയിലൂടെയുള്ള 42 ഇഞ്ച് വ്യാസമുള്ള പൈപ്പാണ് പൊട്ടിയത്. വെള്ളത്തിന്റെ ശക്തിയിൽ 25 മീറ്റർ ദൂരത്തിൽ റോഡ് തകർന്നിരിക്കുകയാണ്. ഭാരവാഹനങ്ങൾക്ക് നിരോധനമുള്ള പൈപ്പ് ലൈൻ റോഡിലൂടെ അമിതഭാരമുള്ള വാഹനങ്ങൾ നിരന്തരമായി ഓടുന്നതാണ് പൈപ്പ് പൊട്ടാൻ കാരണമെന്നാണ് ജല അതോറിറ്റിയുടെ പ്രാഥമിക നിഗമനം.

ഇടപ്പള്ളി, പാലാരിവട്ടം ഭാഗങ്ങൾ, ഏലൂർ, കളമശേരി, തൃക്കാക്കര നഗരസഭകൾ, എടത്തല, എളങ്കുന്നപ്പുഴ, ഞാറയ്ക്കൽ, മുളവുകാട് പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് കുടിവെള്ള വിതരണം നിലച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിന്റെ തലേന്നായതിനാൽ ഇവിടങ്ങളിൽ രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളുമെല്ലാം നേരിട്ട് ടാങ്കർലോറിയിൽ വെള്ളം എത്തിക്കുന്നുണ്ട്.