container

മുംബായ്: കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയെ കയറ്റുമതി വർദ്ധിച്ചപ്പോൾ കണ്ടെയ്നറുകൾ ലഭ്യമല്ലാത്തത് തിരിച്ചടിയാകുന്നു. കൊവിഡിന് ശേഷം പാക്കേജ്ഡ് ഭക്ഷ്യസാധനങ്ങളുടെ കയറ്റുമതി ഉൾപ്പടെ നല്ല രീതിയിൽ വർദ്ധിച്ചു. ഇവ കയറ്റിവിടാനായുള്ള വിവിധ തരം കണ്ടെയ്നറുകളുടെ കുറവാണ് പ്രശ്നമാകുന്നത്.

ലോക്ക്ഡൗണിനെ തുടർന്ന് ആഗോളതലത്തിൽ തന്നെ ഷിപ്പിംഗ് മേഖല പ്രതിസന്ധിയിലാണ്. ഇന്ത്യയിലേക്ക് ഇറക്കുമതിയും കുറഞ്ഞു. അതുകൊണ്ട് തന്നെ ആവശ്യത്തിന് കണ്ടെയ്നറുകൾ എത്തുന്നില്ല. ഇവ വന്ന് മടങ്ങിപ്പോകുമ്പോഴാണ് കയറ്റുമതിക്കും സഹായകരമാകുന്നത്. തിരിച്ചുപോകുന്ന കാലി കണ്ടെയ്നറുകൾ ഇപ്പോൾ കൊവിഡിന് മുമ്പത്തെ പോലെ ലഭ്യമല്ല. ചൈനയിൽ നിന്നുള്ള ഇറക്കുമതി വലിയ തോതിൽ കുറച്ചതും കണ്ടെയ്നർ ലഭ്യതയ്ക്ക് തിരിച്ചടിയായി. ഇപ്പോൾ കാലി കണ്ടെയ്നറുകൾ വി​ദേശത്ത് നി​ന്ന് വരുത്തി വേണം പലപ്പോഴും കയറ്റുമതി നടത്താൻ. ഇതുമൂലം ചെലവും ഏഴിരട്ടി വരെ വർദ്ധിച്ചു.

പൊതുവെ ലോകമെമ്പാടും കയറ്റി​റക്കുമതി​ കുറഞ്ഞതി​നാൽ പ്രമുഖ ഷി​പ്പിംഗ് കമ്പനി​കൾ അവരുടെ പല സർവീസുകളും റദ്ദാക്കുകയും വൈകി​പ്പി​ക്കുകയോ ചെയ്യുന്നുമുണ്ട്. ഇതും പ്രതി​സന്ധി​ രൂക്ഷമാക്കി​.

കൊവിഡ്കാലത്ത് ലോകമെമ്പാടും ജനങ്ങൾ വീട്ടിലിരിക്കുകയും ഭക്ഷണശീലം വർദ്ധിക്കുകയും ചെയ്തതോടെയാണ് ഇന്ത്യൻ പാക്കേജ്ഡ് ഭക്ഷണ സാധനങ്ങൾക്കും ഡിമാന്റ് വർദ്ധിച്ചത്. ക്രിസ്മസ്, ന്യൂഇയറും കയറ്റുമതിക്ക് ഗുണകരമായി. പക്ഷേ ആനുപാതികമായി കണ്ടെയ്നറുകൾ ലഭ്യമല്ലാതെ വന്നു. സമയദൈർഘ്യവും കൂടി.

ഇപ്പോൾ കണ്ടെയ്നറി​നുള്ള കാത്തി​രി​പ്പ് കാലയളവ് രണ്ടു മുതൽ നാല് ആഴ്ചവരെയാണ്. കൊവി​ഡി​ന് മുമ്പ് രണ്ട് ദി​വസം കൊണ്ട് ഇവ ലഭ്യമായി​രുന്നു.

ദീപാവലി കാലത്ത് പ്രവാസി ഇന്ത്യക്കാർക്ക് വേണ്ടി ആസ്ത്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് അയച്ച ചരക്കുകൾ പലതും ദീപാവലി കഴിഞ്ഞാണ് അവിടെ എത്തിയത്.

+ 24%

ജൂലായ് - ഒക്ടോബർ കാലയളവി​ൽ ഇന്ത്യൻ കയറ്റുമതി​യി​ൽ 24% വർദ്ധനവുണ്ടായി​. ഇറക്കുമതി​യാകട്ടെ 28% കുറയുകയും ചെയ്തു.