kareem
61ാം വയസിൽ കന്നിവോട്ട് ചെയ്യാനൊരുങ്ങുന്ന അബ്ദുൽകരീമിന് സ്ഥാനാർത്ഥിയായ സഹോദരന്റെ മരുമകൾ ഷംല നജീബ് വോട്ടിങ് യന്ത്രവും വോട്ട് ചെയ്യുന്ന രീതിയും പരിചയപ്പെടുത്തുന്നു

നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്ത് നാലാം വാർഡ് പനയക്കടവ് കക്കൂഴിപ്പറമ്പിൽ കെ.ബി. അബ്ദുൽകരീം എന്ന 61 കാരന്റെ കന്നിവോട്ട് ഇന്ന് നടക്കും. ആദ്യ വോട്ട് സ്വന്തം കുടുംബാംഗത്തിന് നൽകാൻ കഴിയുന്നതിന്റെ സന്തോഷവും അബ്ദുൽ കരീമിനുണ്ട്.

ആദ്യകാല കോൺഗ്രസ് പ്രവർത്തകനായ അബ്ദുൽകരീം 40 വർഷത്തോളമായി സൗദിയിലായിരുന്നു. തിരഞ്ഞെടുപ്പ് കാലത്തൊന്നും നാട്ടിൽ എത്താൻ സാധിച്ചിട്ടില്ല. 18ാം വയസിൽ അബ്ദുൽകരീം കോൺഗ്രസ് മണ്ഡലം ട്രഷററായിരുന്നു. അന്ന് കോൺഗ്രസ് സ്ഥാനാർത്ഥി എ.ആർ. നാരായണന് വോട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും വോട്ട് ചെയ്യാനുള്ള പ്രായം 21 വയസായിരുന്നതിനാൽ സാധിച്ചില്ല. പിന്നീടാണ് പ്രവാസിയായത്. അടുത്തിടെയാണ് പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലത്തെിയത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് അബ്ദുൾ കരീമിന്റെ പരേതനായ സഹോദരൻ മുഹമ്മദിന്റെ മരുമകൾ ഷംല നജീബാണ്. അതോടെ സ്വന്തം പാർട്ടിക്കും കുടുംബാംഗത്തിനും കന്നി വോട്ട് ചെയ്യാൻ സാധിച്ചതിലുള്ള ആഹ്ളാദമാണ് അബ്ദുൽകരീമിന്.