ഫോർട്ട് കൊച്ചി: ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷം ഫോർട്ടുകൊച്ചി മഹാത്മാഗാന്ധി കടപ്പുറത്ത് കായികപരിശീലനം പുനരാരംഭിച്ചു. കൊവിഡ് മഹാമാരിയെ തുടർന്ന് പരിശീലനം നിർത്തിവച്ചിരിക്കുകയായിരുന്നു.ഗുസ്തി, ജിംനാസ്റ്റിക്ക്, യോഗ, ബാറ്റ്മിന്റൺ എന്നിവയുടെ പരിശീലനമാണ് തുടങ്ങിയത്. സൗത്ത് കടപ്പുറത്തെ ഓപ്പൺ ജിംനേഷ്യവും തുറന്നിട്ടുണ്ട്. ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾ വരെ നേരത്തെ കടപ്പുറത്ത്‌ പരിശീലനം നടത്തിയിരുന്നു. അകലം പാലിച്ചും മാസ്ക്ക് ധരിച്ചുമാണ് ഇവർ ഗോദായിലിറങ്ങിയത്. സാധാരണ മപ്പടിച്ചാണ് ഗുസ്തിക്കാർ ഗോദായിൽ ഇറങ്ങുന്നത്. എന്നാൽ ഇത്തവണ സാനിറ്റൈസർ കൈകളിൽ തേച്ച് പിടിപ്പിച്ചാണ് ഇറക്കം.മാസ്ക്ക് അഴിഞ്ഞു പോകാതിരിക്കാനും ശ്രദ്ധിച്ചിരുന്നു.ഫെബ്രുവരിയിൽ ഹരിയാനയിൽ നടക്കുന്ന ദേശീയ മത്സരം കണക്കാക്കിയാണ് പരിശീലനം നടത്തുന്നതെന്ന് കോച്ച് എം.എം.സലീം കേരളകൗമുദിയോട് പറഞ്ഞു. നീന്തി കുളിക്കുന്നതിനായി നിരവധി പേർ കടപ്പുറത്ത് എത്തുന്നുണ്ട്.