കൊച്ചി: നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ നടപ്പാതകൾ കാൽനട സൗഹൃദമാക്കാനുള്ള ഒരുക്കത്തിലാണ് കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ.). കേന്ദ്ര സ്മാർട്ട്‌സിറ്റീസ് മിഷന്റെ ഭാഗമായി നടപ്പാക്കുന്ന സ്ട്രീറ്റ്‌സ് ഫോർ പീപ്പിൾ ചലഞ്ചിന്റെ ഭാഗമായാണിത് നടപ്പാക്കുന്നത്. കൊച്ചി ഉൾപ്പെടെ 113 നഗരങ്ങളാണ് ഈ ചലഞ്ചിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.കാൽ നടയാത്രയ്ക്ക് അനുയോജ്യമായ വിധത്തിൽ സൗകര്യങ്ങളൊരുക്കുകയാണ് ലക്ഷ്യം. ചലഞ്ചിൽ പങ്കെടുക്കുന്ന നഗരങ്ങൾ ജനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കണമെന്നാണ് നിർദേശം. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയുമെല്ലാം സഹകരണം സ്മാർട്ട്മിഷൻ ലിമിറ്റഡ് തേടിയിട്ടുണ്ട്.
രണ്ടുഘട്ടങ്ങളായാണ് പദ്ധതി. ഫെബ്രുവരി 2021 വരെയാണ് ആദ്യഘട്ടം. പൊതുവിടങ്ങളും ഗതാഗതഹബ്ബുകളും മാർക്കറ്റുകളും വിനോദ കേന്ദ്രങ്ങളുമെല്ലാമാണ് തുടക്കത്തിൽ ഉൾപ്പെടുന്നത്. ഇതിന്റെ ഭാഗമായി സ്മാർട്ട് മിഷൻ ലിമിറ്റഡ് സർവേയും ആരംഭിച്ചു.വിവരങ്ങൾക്ക് https://smartnet.niua.org/indiatsreetchallenge/supportyourctiy-2/