
കൊച്ചി: ചെലവിന് ആനുപാതികമായ ഫീസ് മാത്രമേ സി.ബി.എസ്.ഇ സ്‌കൂളുകൾ ഈടാക്കാൻ പാടുള്ളൂവെന്ന സർക്കാർ ഉത്തരവ് ഫലപ്രദമായി നടപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കണം. അമിത ഫീസ് ഈടാക്കുന്നെന്ന പരാതികളും ചെലവും വരവും സംബന്ധിച്ച് സ്‌കൂളുകളുടെ രേഖകളും വിദ്യാഭ്യാസവകുപ്പ് പരിശോധിക്കുമോയെന്ന് അറിയിക്കാനും സിംഗിൾബെഞ്ച് ഉത്തരവിട്ടു. വരവും ചെലവും സംബന്ധിച്ച രേഖകൾ പരിശോധിക്കാൻ കഴിഞ്ഞില്ലെന്ന സി.ബി.എസ്.ഇ നിലപാടിനെ കോടതി വിമർശിച്ചു.
കൊവിഡ്കാലത്ത് അൺ എയ്ഡഡ് സ്‌കൂളുകൾ ഫീസ് കുറയ്ക്കാത്തതിനെതിരെയുള്ള ഹർജികൾ പരിഗണിച്ചാണ് ഉത്തരവ്. കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷം ചെലവിന് ആനുപാതികമായ ഫീസ് മാത്രമേ ഈടാക്കാവൂവെന്ന് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. സമാന നിർദ്ദേശത്തോടെ സർക്കാർ ഡിസംബർ രണ്ടിന് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
സി.ബി.എസ്.ഇയുടെ നിലപാടിൽ കോടതി അതൃപ്തി അറിയിച്ചിട്ടുണ്ട്. ഫീസിന്റെ കാര്യത്തിലുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന് കൈമാറി സി.ബി.എസ്.ഇ കൈകഴുകുന്നത് നിർഭാഗ്യകരമാണ്. സർക്കുലർ പുറപ്പെടുവിച്ചാലും നടപ്പാക്കാൻ അധികാരമില്ലെന്നാണ് സി.ബി.എസ്.ഇ വാദം. സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കാൻ സി.ബി.എസ്.ഇ ഒന്നും ചെയ്യേണ്ടെന്നും കോടതി നിർദേശിച്ചു.
ആദ്യഘട്ട ഫീസ് ഡിസംബർ 17നകം അടയ്ക്കാൻ കോടതി രക്ഷിതാക്കൾക്ക് അന്ത്യശാസന നൽകി. അല്ലെങ്കിൽ മുൻ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യത്തിന് അർഹരാകില്ല. ഹർജികൾ 17ന് പരിഗണിക്കുന്നതിനായി മാറ്റി.