exicise-ernakula
ഡിവൈൻ മാത്യൂ , പി. ആകാശ്

പറവൂർ: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിലെ ഡി.ജെ പാർട്ടികളിലും നിശാപാർട്ടികളിലും ഉപയോഗിക്കുന്നതിനായി ഗോവയിൽ നിന്ന് കേരളത്തിലേക്ക് കൊറിയർമാർഗം കൊണ്ടുവന്ന 100 എം.ഡി.എം.എ ഗുളികളും 25 എൽ.എസ്.ഡി സ്റ്റാമ്പുകളും എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. പറവൂർ പെരുമ്പടത്ത കൂരൻവീട്ടിൽ ഡിവൈൻ മാത്യു (28), ചേന്ദമംഗലം പാലിയംനട അനുഗ്രഹവീട്ടിൽ പി. ആകാശ് ( 20 ) എന്നിവരെ അറസ്റ്റുചെയ്കു. പറവൂരിലെ സ്വകാര്യ കൊറിയൽ സ്ഥാപനം വഴിയാണ് മയക്കുമരുന്ന് എത്തിച്ചത്. ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നും വിലകൂടിയ മയക്കുമരുന്നുകൾ വരുത്തിയാണ് സംഘം വില്പന നടത്തിയിരുന്നത്.

എക്സൈസ് പറയുന്നത്: ബി.ടെക് ബിരുധധാരിയായ ഡിവൈൻ മാത്യുവാണ് സംഘത്തലവൻ. സുഹൃത്തായ ഗോവയിൽ താമസിക്കുന്ന സാക്കിർ ഹുസൈൻ എന്നയാളാണ് മയക്കുമരുന്നുകൾ കൊറിയർവഴി അയച്ചത്. ഉപഭോക്താക്കളിൽ ഉന്നത നിലവാരത്തിൽ ജീവിക്കുന്നവരും സിനിമാ മേഖലയിലുള്ളവരും സെലിബ്രിറ്റികളും ഉൾപ്പെട്ടിട്ടുണ്ട്. എറണാകുളം, പറവൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ന്യൂജെൻ മയക്കുമരുന്നുകളുടെ വില്പനയും ഉപയോഗവും കൂടിവരുന്നതായി എക്സൈസ് ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു.

എറണാകുളം എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. വിനോജും പാർട്ടിയും ചേർന്നാണ് റെയ്ഡ് നടത്തിയതും പ്രതികളെ പിടികൂടിയതും. അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ജോർജ് ജോസഫ്, പ്രമോദ് കെ. എസ്, സിജി പോൾ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിവകുമാർ, ശ്രീകുമാർ, വി.എ. അനീഷ്, കെ.എസ്. ഷൈൻ, ഷിബു എന്നിവരുമുണ്ടായിരുന്നു.