kmc-school

ആലുവ: ആലുവ നഗരത്തിൽ വോട്ടെടുപ്പ് മന്ദഗതിയിലാണ് നടക്കുന്നതെങ്കിലും ഗ്രാമീണ മേഖലകളിൽ സാമൂഹിക അകലം പോലും പാലിക്കാതെയാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വീറും വാശിയുമൊന്നും നഗരപരിധിയിലെ പോളിംഗ് ബൂത്തുകളിൽ ദൃശ്യമായിട്ടില്ല. സമൂഹിക അകലം പാലിക്കുന്നതിനായി വരച്ച വൃത്തത്തിനുള്ള കൃത്യമായി നിന്നാണ് വോട്ടർമാർ നഗരത്തിൽ വോട്ടവകാശം വിനിയോഗിക്കുന്നത്. പലപ്പോഴും ബൂത്തുകളിൽ വോട്ടർമാരില്ലാത്ത സ്ഥിതിയും ഉണ്ട്. നഗരത്തിലെ 11, 12,13 വാർഡുകളിലെ യഥാക്രമം സെന്റ് മേരീസ് സ്കൂൾ, മദ്രസ, എച്ച്.എ.സി എൽ.പി സ്കൂൾ എന്നീ ബൂത്തുകളിലെല്ലാം കൃത്യമായ സാമൂഹിക അകലം പാലിച്ചാണ് പോളിംഗ്. നഗരത്തിലെ എല്ലാ ബൂത്തുകളിലും രാവിലെ വോട്ടെടുപ്പ് ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴും ഒരേസമയം പത്തിൽ താഴെ ആളുകൾ മാത്രമാണുണ്ടായത്.

അതേസമയം ഗ്രാമീണ മേഖലകളിലെ ബൂത്തുകളിൽ വോട്ട് ചെയ്യാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കീഴ്മാട് ഗ്രാമപഞ്ചായത്തിലെ 1,19 വാർഡുകളിലെ വോട്ടെടുപ്പ് നടക്കുന്ന എടയപ്പുറം കെ.എം.സി സ്കൂളിൽ അഞ്ച് ബൂത്തുകളിലായി നൂറുകണക്കിന് ആളുകളാണ് ഒരേസമയം വോട്ട് ചെയ്യാനെത്തിയത്. സാമൂഹിക അകലം എന്നത് ചിന്തിക്കാൻ പോലുമാവില്ല. ഇവിടെ നിന്നു തിരിയാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. വോട്ട് ചെയ്യാനെത്തിയവരുടെ നിര റോഡിലേക്ക് വരെ നീണ്ടു. സ്ഥലത്തുണ്ടായിരുന്ന നാമമാത്രമായ പൊലീസുകാരും നിസഹായരായിരുന്നു. സൗകര്യ കുറവുള്ള സ്കൂളുകളിൽ കൂടുതൽ പോളിംഗ് ബൂത്തുകൾ ഏർപ്പെടുത്തിയതാണ് ഇത്തരം പ്രതിസന്ധിക്ക് കാരണം. എടയപ്പുറം ഗവ. സ്കൂളിലെ ഒരു കെട്ടിടം പുതിയത് നിർമ്മിക്കുന്നതിനായി പൊളിച്ചിരിക്കുന്നതിനാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലും കെ.എം.സി സ്കൂളിൽ ബൂത്തുകളുടെ എണ്ണം കൂടുതലായിരുന്നു. അന്നും ഇന്നത്തേതിന് സമാനമായ സാഹചര്യമായിരുന്നു.

എടയപ്പുറം ഗവ. സ്കൂളിലെ ഒരു കെട്ടിടത്തിൽ 16, 17 വാർഡുകളിലേതായി മൂന്ന് ബൂത്തുകളാണുള്ളത്. ഇവിടെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 16ലെ ഒരു ബൂത്തിന്റെ പോളിംഗ് സ്റ്റേഷൻ അശോകപുരം വിദ്യാവിനോദിനി ലൈബ്രറിയാണ്. ഇവിടെയും വോട്ടർമാരുടെ വലിയ നിരയുണ്ട്. വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴും തിരിച്ചിറങ്ങുമ്പോഴും സാനിറ്ററൈസറും മറ്റും നൽകുന്നതിനാൽ ഏറെ സമയം ഒരാൾക്ക് വേണ്ടിവരുന്നുണ്ട്. പഞ്ചായത്ത്, ബ്ളോക്ക്, ജില്ലാ എന്നിങ്ങനെ മൂന്ന് വോട്ടുകൾ ചെയ്യേണ്ടി വരുന്നതിനാലും ഗ്രാമങ്ങളിലെ വോട്ടർമാർക്ക് സമയം അധികം വേണ്ടിവരികയാണ്.

എച്ച്.എ.സി സ്കൂൾ ഹരിത ബൂത്ത്

ആലുവ നഗരസഭയിലെ 26 വാർഡുകളിൽ ഏക ഹരിതബൂത്തായി നിശ്ചയിച്ചിരിക്കുന്നത് 12 -ാം വാർഡിൽപ്പെട്ട നഗരസഭ ഓഫീസിന് സമീപമുള്ള എച്ച്.എ.സി എൽ.പി സ്കൂളാണ്. കളമശേരി പോളിടെക്നിക്കിലെ എൻ.എസ്.എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിയാണ് പ്രവേശന കവാടത്തിലും സ്കൂളിന്റെ തൂണുകളിലും മറ്റും പനയോല, തെങ്ങോല, കുരുത്തോല, ചേമ്പില എന്നിവ ഉപയോഗിച്ച് ആകർഷകമാക്കിയത്. ഈ ബൂത്ത് ഹരിത ബൂത്താണെന്ന് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമെല്ലാം അറിഞ്ഞത് എൻ.എൻ.എസ് വളണ്ടിയർമാർ എത്തിയപ്പോൾ മാത്രമാണ്. വളണ്ടിയർമാരുടെ സേവനം വോട്ടെടുപ്പ് അവസാനിക്കും വരെ പോളിംഗ് സ്റ്റേഷനിൽ ഉണ്ട്.