
കൊച്ചി: വോട്ടു ചെയ്യാൻ എറണാകുളം ഡിസ്റ്റിക് അഡ്മിനിസ്‌ട്രേഷൻ കീഴിലുള്ള തൃക്കാക്കര കമ്മ്യൂണിറ്റി ഹാൾ പോളിംഗ് ബൂത്തിൽ എത്തിവർ ആദ്യം ഞെട്ടി. കൈയിൽ സാനിറ്റൈസറുമായി ഒരു കുഞ്ഞൻ റോബോർട്ട്. വോട്ടർമാർ കോവിഡ് ചട്ടങ്ങൾക്ക് അനുസരിച്ചാണോ എത്തുന്നത് എന്ന് ഉറപ്പുവരുത്തി സാനിറ്ററൈസ് ചെയ്ത് അവരെ വോട്ടിംഗ് കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കുക എന്നതാണ് സായാബോട്ട് എന്ന റോബോർട്ടിന്റെ ചുമതല. അസിമോവ് റോബോട്ടിക്‌സ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സായാബോട്ടിനെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച് നൽകിയത്. രണ്ടു ദിവസം കൊണ്ടാണ് നിലവിലുള്ള റോബോട്ടിനെ ഇത്തരത്തിൽ സജ്ജീകരിച്ചത് എന്ന് അസിമോവ് റോബോട്ടിക്‌സ് സി.ഇ.ഒ ജയകൃഷ്ണൻ പറഞ്ഞു.
വോട്ട് ചെയ്യാൻ എത്തുന്നവരെ പരിശോധിച്ച് മാസ്‌ക് ധരിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ വേണ്ടവിധം ആണോ ധരിച്ചിരിക്കുന്നത് , ശരീര ഊഷ്മാവ് എന്നിവ പരിശോധിക്കും. സാനിറ്റേഷൻ ചെയ്തതിനു ശേഷമേ ബൂത്തിലേക്ക് പ്രവേശനം നൽകൂ. ഒരു മിനിറ്റിൽ താഴെ തന്നെ ഇതൊക്കെ പൂർത്തിയാക്കും. ശരീരോഷ്മാവ് കൂടുതലാണെങ്കിൽ പോളിംഗ് ഓഫീസറുമായി ബന്ധപ്പെട്ട് പ്രത്യേകം വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ തേടാൻ ആവശ്യപ്പെടും. കൂടാതെ ഒന്നിൽ കൂടുതൽ ആളുകൾ അടുത്ത് നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത അവരെ പറഞ്ഞു മനസിലാക്കാനും തയ്യാറാണ് ഈ കുഞ്ഞൻ യന്ത്രം.