jayaraj
വോട്ടു കഴിഞ്ഞെത്തിയ കൃഷ്ണജ വരൻ സന്ദീപിനൊപ്പം പോളിംഗ് ബൂത്തിന് മുന്നിൽ

കോലഞ്ചേരി: താലികെട്ടു കഴിഞ്ഞ് വിവാഹ വേഷത്തിൽ വധൂ വരന്മാർ എത്തിയത് പോളിംഗ് ബൂത്തിലേയ്ക്ക്. ഇന്നലെ ബ്ളാന്തേവർ മഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു താലികെട്ട്. കേരളകൗമുദി കിളികുളം ഏജന്റ് നോർത്ത് മഴുവന്നൂർ ചവറംകുഴി, ജയരാജിന്റെയും ശ്രീദേവിയുടെയും മകളായ കൃഷ്ണജയുടെ വിവാഹമായിരുന്നു ഇന്നലെ. കോഴിക്കോട്, ചെറൂപ്പ പരേതനായ മോഹനന്റെയും പദ്മജയുടെയും മകൻ സന്ദീപായിരുന്നു വരൻ. വിവാഹം നിശ്ചയിക്കുമ്പോൾ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. 14 നാണ് വരന്റെ ജില്ലയിൽ പോളിംഗ്.

വിവാഹശേഷം ഇരുവരും മഴുവന്നൂർ പഞ്ചായത്തിലെ ബ്ളാന്തേവർ ബൂത്തിലേയ്ക്ക് 10. 45 ഓടെ എത്തി. വലിയ തിരക്കില്ലാത്ത ക്യൂവിൽ നിന്ന് വധുവിന് വോട്ടു ചെയ്യാനായി. ചെന്നൈയിൽ വിപ്രോയിൽ എൻജിനീയറാണ് കൃഷ്ണജ. സന്ദീപ് ടി.സി.എസിലും. വിരലിൽ മഷിയും, നെ​റ്റിയിൽ സിന്ദൂരവും ചാർത്തിയത് ഒരേ ദിവസമായത് മറ്റൊരു ഭാഗ്യമെന്നാണ് വധൂവരന്മാരുടെ പക്ഷം.