ആലുവ: ആലുവ മേഖലയിൽ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. നഗരത്തിൽ വോട്ടെടുപ്പ് മന്ദഗതിയിലാണ് ആരംഭിച്ചതെങ്കിലും വൈകുന്നേരമായപ്പോഴേക്കും ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തി. ഗ്രാമീണ മേഖലയിൽ രാവിലെമുതൽ പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ നിരയുണ്ടായി.
നഗരസഭയിലെ ഭൂരിഭാഗവും വാർഡുകളിലും 600ൽ താഴെ വോട്ടർമാരാണുള്ളത്. കൂടുതൽ വോട്ടർമാരുള്ളത് തോട്ടക്കാട്ടുകരയിലെ ചില വാർഡുകളിലാണ്. ഇവിടെ പരമാവധി 850 വോട്ടുകൾ വരെയാണുള്ളത്. അതിനാൽ രാവിലെമുതൽ വലിയതിരക്കില്ലാതെയാണ് 80 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. അതേസമയം ഗ്രാമീണ മേഖലകളിലെ വാർഡുകളിൽ 900 മുതൽ 1800 വരെ വോട്ടർമാരുണ്ട്. പല വാർഡുകളിലും രണ്ട് ബൂത്തുകൾ വീതം ക്രമീകരിച്ചാണ് വോട്ടെടുപ്പ് നടത്തിയത്. 1000 വോട്ടുകൾക്ക് ഒരു ബൂത്ത് എന്ന നിലയിലാണ്. അതിനാൽ പലയിടത്തും രാവിലെമുതൽ തിരക്കനുഭവപ്പെട്ടു. തിരക്ക് ഏറിയതോടെ ഗ്രാമീണ മേഖലകളിൽ പലേടത്തും സാമൂഹികഅകലമൊക്കെ നിർദേശത്തിൽ മാത്രമൊതുങ്ങി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വീറും വാശിയുമൊന്നും നഗരപരിധിയിലെ പോളിംഗ് ബൂത്തുകളിലുണ്ടായില്ല. സമൂഹികഅകലം പാലിക്കുന്നതിനായി വരച്ച വൃത്തത്തിനുള്ളിൽ കൃത്യമായി നിന്നാണ് നഗരത്തിലെ വോട്ടർമാർ വോട്ടവകാശം വിനിയോഗിച്ചത്. അതേസമയം ഗ്രാമീണ മേഖലകളിലെ ബൂത്തുകളിൽ വൻ തിരക്കായിരുന്നു. കീഴ്മാട് ഗ്രാമപഞ്ചായത്തിലെ 1,19 വാർഡുകളിലെ വോട്ടെടുപ്പ് നടന്ന എടയപ്പുറം കെ.എം.സി സ്‌കൂളിൽ നൂറുകണക്കിന് ആളുകളാണ് ഒരേസമയം വോട്ട് ചെയ്യാനെത്തിയത്. സാമൂഹികഅകലം പോയിട്ട് നിന്നുതിരിയാൻപോലും ഇടമില്ലാത്ത അവസ്ഥയായിരുന്നു. വോട്ട് ചെയ്യാനെത്തിയവരുടെ നിര റോഡിലേക്കും നീണ്ടു. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും നിസഹായരായിരുന്നു.
സൗകര്യക്കുറവുള്ള സ്‌കൂളുകളിൽ കൂടുതൽ പോളിംഗ് ബൂത്തുകൾ ഏർപ്പെടുത്തിയതാണ് ഇത്തരം പ്രതിസന്ധിക്ക് കാരണം. എടയപ്പുറം ഗവ. സ്‌കൂളിലെ ഒരു കെട്ടിടം പുതിയത് നിർമ്മിക്കുന്നതിനായി പൊളിച്ചിരിക്കുന്നതിനാൽ ഇവിടെ മറ്റൊരു കെട്ടിടത്തിൽ മാത്രം മൂന്ന് ബൂത്തുകളുണ്ടായിരുന്നു. അവിടെയും സമാനമായ സാഹചര്യമായിരുന്നു. വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴും തിരിച്ചിറങ്ങുമ്പോഴും സാനിറ്ററൈസറും മറ്റും നൽകുന്നതിനാൽ ഏറെസമയം വേണ്ടിവന്നു. പഞ്ചായത്ത്, ബ്‌ളോക്ക്, ജില്ലാ എന്നിങ്ങനെ മൂന്ന് വോട്ടുകൾ രേഖപ്പെടുത്തേണ്ടതിനാലും ഗ്രാമങ്ങളിലെ വോട്ടർമാർക്ക് സമയം അധികം വേണ്ടിവന്നു.